നടന്‍ ബാലയുടെ വികാരനിര്‍ഭര വീഡിയോയ്‌ക്ക് മറുപടി നല്‍കി മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷ്. മകള്‍ അവന്തിക ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്‌ക്ക് പിന്നിലെ കാരണങ്ങളും അമൃത വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് അമൃതയുടെ വെളിപ്പെടുത്തില്‍.
ബാലയുമായി പിരിയാനുള്ള കാരണം ഉള്‍പ്പെടെ അമൃത സുരേഷ് തന്‍റെ ഫേസ്‌ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതാദ്യമായാണ് തന്‍റെ വിവാഹമോചനത്തിന് പിന്നിലെ കാര്യങ്ങള്‍ അമൃത വെളിപ്പെടുത്തുന്നത്.
വിവാഹ മോചന ശേഷം മകളെ കാണിക്കാൻ അമൃത തയ്യാറായില്ലെന്നും മകളെ തന്നിൽ നിന്നും അകറ്റുകയായിരുന്നുവെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. അടുത്തിടെയും അമൃതയ്‌ക്കെതിരെ ബാല സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് മകള്‍ അവന്തിക ആദ്യമായി അച്ഛനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്.
അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും, അച്ഛൻ അമ്മയെ മദ്യപിച്ച് ഉപദ്രവിക്കാറുണ്ടെന്നും അവന്തിക വെളിപ്പെടുത്തിയിരുന്നു. അവന്തികയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതോടെ വിഷയത്തില്‍ പ്രതികരിച്ച് ബാലയും രംഗത്തെത്തി. തന്‍റെ മകളോട് മത്സരിച്ച് ജയിക്കാന്‍ ആകില്ലെന്നും തോറ്റുകൊടുക്കുകയാണെന്നും, ഞാൻ നിനക്ക് അന്യനായി പോയെന്നും ഇനി വരില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം.
ഇതോടെ അവന്തികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായി. അമ്മ പഠിപ്പിച്ചുവിട്ട കാര്യങ്ങളാണ് അവന്തിക സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞതെന്നായിരുന്നു ആരോപണം. ഇതോടെയാണ് കാര്യങ്ങളില്‍ വ്യക്തത വരുത്തി അമൃത സുരേഷ് രംഗത്തെത്തിയത്.
അമൃത സുരേഷിന്‍റെ വാക്കുകളിലേയ്‌ക്ക്-
"ഇത്രയും കാലം ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. മകളുടെ കാര്യമായത് കൊണ്ടാണ് പറയുന്നത്. മകളുടെ പേരിൽ ഒരു വ്യാജ വാർത്ത വന്നിരുന്നു. മകൾക്ക് കൊവിഡ് വന്നിട്ട് ഞാൻ ബാലചേട്ടനെ കാണിച്ചില്ലെന്ന് പറഞ്ഞ്. പിന്നീട് ചാനലുകാർ വന്ന് സത്യാവസ്ഥ മനസ്സിലാക്കി. അവർക്ക് ബാലചേട്ടൻ നൽകിയ വ്യാജ വാർത്തയായിരുന്നു അത്. ഞാൻ മിണ്ടാതിരിക്കുന്നത് കൊണ്ട് ഒരു ഭാഗം മാത്രമെ കേൾക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ അത്രത്തോളം എല്ലാവരും എന്നെ വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം. ആ വെറുപ്പ് മാറ്റാൻ ഞാൻ ശ്രമിച്ചിട്ടില്ല.
ഞാനും അമ്മയും മകളും അഭിരാമിയുമുള്ള ഒരു ചെറിയ കുടുംബമാണ് അത്. ആ കുട്ടിയുടെ പിറന്നാളായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ്. സന്തോഷത്തോടെ പോകേണ്ട ദിവസമായിരുന്നു അത്. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാർത്തകൾ വരുമ്പോൾ അവൾ എങ്ങനെ സന്തോഷമായിരിക്കും. ഇന്ന് മകൾ വലുതായിരിക്കുന്നു. അവൾ എല്ലാം മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അവൾ സ്വയം വിഡിയോ ചെയ്‌തത്.
അവൾ എന്ത് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. മകൾ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ അദ്ദേഹം ഒരു വീഡിയോ ഇറക്കി. പാപ്പു എന്നോടു പറയാതെ ചെയ്‌തതാണ്. അത്രയും കണ്ട് വിഷമിച്ചിട്ടുണ്ട് അവൾ. ഈ 12 വർഷവും ഞങ്ങൾ കടന്നു പോയ കാര്യങ്ങളെല്ലാം ആ കുഞ്ഞു കുട്ടി കണ്ടിട്ടുള്ളതാണ്. ഇനിയെങ്കിലും എന്‍റെ മമ്മി തെറ്റുകാരിയല്ലെന്ന് വിചാരിക്കട്ടെ എന്ന് കരുതി അവളുടെ കുഞ്ഞു ഭാഷയിൽ, അവൾക്ക് സാധിക്കുന്ന പക്വതയിൽ അവൾ സംസാരിച്ച കാര്യങ്ങളാണ്.
ആ വീഡിയോ വന്ന് അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അവളെ കൂടുതൽ സൈബർ ബുള്ളീയിംഗിന് ഇട്ടുകൊടുക്കുന്ന ഇമോഷണൽ വീഡിയോ വന്നു. അതിന് ശേഷം പാപ്പുവിനെ പറയാത്തതായി ഒന്നുമില്ല. കള്ളി, അഹങ്കാരി, തുടങ്ങി ഒരു കുഞ്ഞു കുട്ടിയെ വിളിക്കാൻ പറ്റാത്ത ചീത്ത വാക്കുകളാണ് മലയാളികൾ കമന്‍റ് ചെയ്‌തത്. കൊച്ചിനെ പറഞ്ഞാൽ എനിക്ക് വിഷമമാകും. അതിന് വ്യക്‌തത നൽകിയെ പറ്റൂ.
ഞാൻ മകളെ ബ്രെയിൻ വാഷ് ചെയ്‌തുവെന്നാണ് പ്രധാന ആരോപണം. ആശുപത്രിയിൽ വയ്യാതെ കിടക്കുമ്പോൾ മകൾ, ലാപ്ടോപ് വാങ്ങിത്തരണമെന്ന് പറഞ്ഞുവെന്നാണ് ബാല ചേട്ടൻ അഭിമുഖത്തിൽ പറഞ്ഞത്. അത് കണ്ടപ്പോൾ മകൾ എന്നോട് ചോദിച്ചു, എന്തിനാണ് അച്ഛൻ ഇങ്ങനെ കള്ളം പറയുന്നതെന്ന്. കോടതിയിൽ നിന്ന് മകളെ വലിച്ചിഴച്ചാണ് വണ്ടിയിൽ കയറ്റി കൊണ്ടു പോയത്. ഇതെല്ലാം അവൾ അനുഭവിച്ചതാണ്.
ഇതിൽ ഞാൻ ബ്രെയിൻ വാഷ് ചെയ്‌തുവെന്ന് പറയുന്നതിലെ അർഥം എന്താണ് എന്‍റെ മലയാളി ചേട്ടന്‍മാരെ, ചേച്ചിമാരെ. നൂറു കണക്കിന് ആളുകൾ കണ്ട രംഗമാണ്. കുട്ടിക്കാലത്തുണ്ടാകുന്ന ദുരനുഭവങ്ങൾ എല്ലാവർക്കും ഓർമ്മയില്ലേ. അവൾ കുഞ്ഞ് ആയിരിക്കുമ്പോൾ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ജോലിക്കാരാണ് അവൾക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതി എടുത്ത് കൊണ്ടു പോയിരുന്നത്. ഇവരെല്ലാം വിവാഹമോചനത്തിന്‍റെ സമയത്ത് സാക്ഷി പറഞ്ഞതാണ്.
മകൾ സ്‌കൂളിൽ പോകുമ്പോഴെല്ലാം പലരും വീട്ടിലെ പ്രശ്‌നങ്ങൾ ചോദിക്കും. ഒരിക്കൽ ഒപ്പം പഠിക്കുന്ന കുട്ടി, നിന്‍റെ അമ്മ ചീത്തയാണെന്ന് അച്ഛൻ പറഞ്ഞുവല്ലോ എന്ന് ചോദിച്ചു. അന്ന് കരഞ്ഞു കൊണ്ടാണ് മകൾ വീട്ടിലെത്തിയത്. ഞാൻ എന്ത് തെറ്റാണ് ചെയ്‌തത്. 18-ാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്‌നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പല ദിവസവും ഞാൻ ആ വീട്ടിൽ കിടന്നിട്ടുണ്ട്.
എനിക്ക് വീട്ടിൽ പറയാൻ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് എന്നെ വിവാഹം ചെയ്‌തത്. ബാല ചേട്ടൻ എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു വിവാഹം ചെയ്‌തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാൻ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തിൽ നിന്ന് പിന്‍മാറാൻ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാൻ തയ്യാറായില്ല.
ഉപദ്രവം കൂടി വന്നപ്പോൾ, മകളെ ബാധിച്ചു തുടങ്ങിയപ്പോൾ, ആ വീട്ടിൽ നിന്ന് ഓടിയതാണ്. കോടികൾ എടുത്ത് കൊണ്ടല്ല ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. നഷ്‌ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടു പോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു.
ബാല ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും ഞാൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്‍റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നത് കൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകൾ കളയാൻ ഇന്നും ചികിത്സ ചെയ്യുന്നു. ഞാൻ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. കോടികൾ ഉണ്ടെങ്കിൽ ഞാൻ എന്നെ സ്വന്തമായി ഒരു വീട് വച്ചേനെ.
എന്നെ വൃത്തികെട്ട അമ്മ എന്ന തരത്തിൽ ചിത്രീകരിക്കുകയാണ്. 14 വർഷത്തിന് ശേഷം ഞാൻ ഒരു പ്രണയ ബന്ധത്തിലായി. ഒരുപാട് വർഷത്തിന് ശേഷം സ്നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടായി. അത് നന്നായി പോകണേ എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടത്തിൽ ഇത് മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ പരസ്‌പര ധാരണയോടെ വേർപിരിഞ്ഞു.
ഇതേ സമയത്ത് അവിടെയും (ബാലയുടെ വിവാഹം) ഒരു വിവാഹം കഴിഞ്ഞു. പക്ഷേ, എന്നെ മാത്രം മോശമായി ചിത്രീകരിക്കുന്നു. ഇര വാദവുമായല്ല നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം ഞാൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ച് പോകാൻ അനുവദിക്കണം. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമെ ഉള്ളൂ. എന്‍റെ മകളെ സൈബർ ബുള്ളീയിംഗ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുത്." -അമൃത സുരേഷ് പറഞ്ഞു.