ദിൽജിത് ദോസഞ്ചിനെ കേന്ദ്ര കഥാപാത്രമാക്കി ഇംതിയാസ് അലി സംവിധാനം ചെയ്‌ത ചിത്രമാണ് 'അമർ സിംഗ് ചംകില'. പഞ്ചാബിന്‍റെ 'യഥാർഥ' റോക്ക്സ്റ്റാർ, കൊല്ലപ്പെട്ട അമർ സിംഗ് ചംകിലയുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു. നെറ്റ്‌ഫ്ലിക്‌സ് ഒറിജിനലായി എത്തുന്ന ചിത്രത്തിന്‍റെ പ്രതീക്ഷയേറ്റുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പ്രഖ്യാപനം മുതൽ തന്നെ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അമർ സിംഗ് ചംകില'. പരിനീതി ചോപ്രയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. 'അമർ സിംഗ് ചംകില' നേരിട്ട് ഒടിടിയിൽ ഏപ്രിൽ 12ന് റിലീസ് ചെയ്യും. 'പഞ്ചാബിലെ എൽവിസ് പ്രെസ്‌ലി' എന്നറിയപ്പെടുന്ന അമർ സിംഗ് ചംകിലയായാണ് ദിൽജിത്ത് ഈ ചിത്രത്തിൽ വേഷമിടുന്നത്.
- " class="align-text-top noRightClick twitterSection" data="">
പ്രശസ്‌ത ഗായകൻ കൂടിയായ ദിൽജിത്തും ഒപ്പം പരിനീതിയും ഈ ചിത്രത്തിലെ നിരവധി ഗാനങ്ങൾക്ക് ശബ്‌ദം നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇർഷാദ് കാമിലിന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മാസ്‌ട്രോ എ ആർ റഹ്മാനാണ്. ബോളിവുഡിൽ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച ഇംതിയാസ് അലി 'അമർ സിംഗ് ചംകില'യിലൂടെ ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
1980കളിൽ ദാരിദ്ര്യത്തിൽ നിന്ന് പ്രശസ്‌തിയിലേക്ക് ഉയർന്ന പഞ്ചാബി റോക്ക്സ്റ്റാർ ആണ് അമർ സിംഗ് ചംകില. അക്കാലത്തെ ഏറ്റവും പ്രശസ്‌തനായ, ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റുപോയ ഗായകനായിരുന്നു അദ്ദേഹം. എന്നാൽ ആ റോക്ക് സ്റ്റാറിന്‍റെ സംഗീത യാത്ര (ജീവിതയാത്രയും) ഏറെക്കാലം നീണ്ടുനിന്നില്ല. പഞ്ചാബ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ലൈവ്-സ്റ്റേജ് പെർഫോമർമാരിൽ ഒരാളായിരുന്ന ചംകില 27-ആം വയസിൽ കൊല്ലപ്പെടുകയായിരുന്നു.
ചംകിലയുടെ ആരെയും അത്ഭുതപ്പെടുത്തുന്ന ജീവിത കഥയാണ് ഇംതിയാസ് അലി തന്‍റെ സിനിമയിലൂടെ വരച്ച് കാട്ടുന്നത്. യഥാർഥ പ്രദേശങ്ങളിൽ തന്നെയാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്. പഞ്ചാബി നാടോടി സംഗീതത്തിന്‍റെ വർണാഭമായതും താളാത്മകവുമായ ലോകത്തേക്ക് കൂടി ഈ ചിത്രം കാഴ്‌ചക്കാരെ എത്തിക്കും. ഇപ്പോൾ പുറത്തുവന്ന ട്രെയിലറും ഇക്കാര്യം ശരിവയ്‌ക്കുന്നുണ്ട്. ചംകിലയുടെ ശബ്‌ദം മുഴങ്ങുന്ന പ്രാകൃത അഖാഢാസ് (ഗ്രാമങ്ങളിലെ തത്സമയ സംഗീത പ്രകടനങ്ങൾ) വരെ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചംകിലയുടെ ഭാര്യയും പാട്ടുകാരിയുമായ അമർജോത്തിനെയാണ് ഈ ചിത്രത്തിൽ പരിനീതി അവതരിപ്പിക്കുന്നത്. മോഹിത് ചൗധരി, സെലക്‌ട് മീഡിയ ഹോൾഡിംഗ്‌സ് എൽഎൽപി, സരേഗമ, വിൻഡോ സീറ്റ് ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.