അൽത്താഫ് സലീം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മന്ദാകിനി'. കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നത്. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിന് ശേഷം നടൻ പൃഥ്വിരാജ് യൂട്യൂബിലൂടെ ട്രെയിലർ റിലീസ് നിർവഹിച്ചു.
ആരോമൽ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അൽത്താഫ് സലീം അവതരിപ്പിക്കുന്നത്. അമ്പിളിയായി അനാർക്കലി മരിക്കാറും വേഷമിടുന്നു. ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് സഞ്ജു ഉണ്ണിത്താനാണ്.
'സുലൈഖ മൻസിൽ' എന്ന സിനിമയ്‌ക്ക് ശേഷം അനാർക്കലി മരിക്കാർ ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി. അതുകൊണ്ടുതന്നെ സിനിമയുടെ അണിയറ പ്രവർത്തകരോട് തനിക്ക് വല്ലാത്ത ആത്മബന്ധം ഉണ്ടെന്ന് അനാർക്കലി ചടങ്ങിൽ പറഞ്ഞു. ചിത്രത്തിന്‍റെ കഥ കേട്ടപ്പോൾ തന്നെ സിനിമയുടെ ഭാഗമാകാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും താരം പറഞ്ഞു.
അതേസമയം മൈക്കിലൂടെ സംസാരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് നടൻ അൽത്താഫ് സലീം പറഞ്ഞു. ചിത്രം പ്രേക്ഷകർ ഏറ്റെടുക്കണം. നിർമാതാവിന് മുടക്ക് മുതൽ തിരിച്ചു കിട്ടണം. സിനിമയുടെ കേന്ദ്ര കഥാപാത്രം എന്ന നിലയിൽ അതുമാത്രമാണ് തന്‍റെ ആഗ്രഹമെന്ന് താരം പറഞ്ഞു. അനാർക്കലിയെ അത്യാവശ്യം തമാശ പറയാനൊക്കെ പഠിപ്പിച്ചിട്ടുണ്ട് എന്നും അൽത്താഫ് സരസരമായി പറഞ്ഞു.
ALSO READ: 'ഡിസാസ്റ്റർ ഗോപി...' ; 'മലയാളി ഫ്രം ഇന്ത്യ'യിലെ 'വേള്‍ഡ് ഓഫ് ഗോപി' ഗാനമെത്തി