തമിഴകത്ത് ആരാധകരുടെ എണ്ണത്തിൽ മുൻപന്തിയിലാണ് 'ദളപതി'യെന്ന് സ്‌നേഹപൂർവം വിളിക്കപ്പെടുന്ന വിജയ്. തമിഴ്‌നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിലും എണ്ണിയാലൊടുങ്ങാത്ത ആരാധകരുണ്ട് വിജയ്‌ക്ക്. തന്‍റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ വിജയ്‌ക്ക് ആരാധകർ ഒരുക്കിയ വൻ വരവേൽപ്പ് ചർച്ചയായിരുന്നു.
തങ്ങളുടെ പ്രിയതാരത്തെ കാണാൻ ആരാധകർ വഴിനീളെ തടിച്ചുകൂടി. ആയിരക്കണക്കിന് ആരാധകരെ നിയന്ത്രിക്കാൻ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും നന്നേ പണിപ്പെട്ടു. ആരാധകരുടെ കുത്തൊഴുക്കിൽ വിജയ് സഞ്ചരിച്ച കാറിന് കേടുപാടുപോലും സംഭവിച്ചു. തന്നെ കാണാൻ എത്തിയവരോട് വിജയ് മലയാളത്തില്‍ സംസാരിച്ചതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരത്ത് ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്.
അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗോട്ട്' (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തിയത്. സിനിമയുടെ ക്ലൈമാക്‌സാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത് എന്നാണ് വിവരം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരത്ത് വച്ച് ഷൂട്ട് ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് വിജയ് കേരളത്തിലേക്ക് മടങ്ങി വന്നിരിക്കുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുകയാണ്. ഇതിനുമുന്‍പ് 'കാവലന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു വിജയ് കേരളത്തില്‍ വന്നത്. അതേസമയം ഒരു ടൈം ട്രാവൽ സിനിമയായിരിക്കും 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നാണ് വിവരം. ഇരട്ടവേഷത്തിലാകും വിജയ് 'ദി ഗോട്ടി'ൽ പ്രത്യക്ഷപ്പെടുക എന്നും റിപ്പോർട്ടുകളുണ്ട്.
മീനാക്ഷി ചൗധരിയാണ് ഈ ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത്. പ്രഭുദേവ, ജയറാം, പ്രശാന്ത്, ലൈല, സ്‌നേഹ, അജ്‌മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങി വൻതാരനിരയും ഗോട്ടില്‍ അണിനിരക്കുന്നു. സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥ എഴുതിയതും. എ ജി എസ് എന്‍റർടെയിൻമെന്‍റാണ് നിർമാണം. ദി ഗോട്ടിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് യുവൻ ശങ്കർ രാജയാണ്. സിദ്ധാർഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ആക്ഷനും പ്രധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന സംവിധാനം നിർവഹിക്കുന്നത് ദിലീപ് സുബ്ബരായനാണ്.
ALSO READ: അതിരുകടന്ന് ആരാധക ആവേശം; തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു