വിനയന്‍റെ സംവിധാനത്തിൽ 2022ൽ പുറത്തിറങ്ങിയ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചരിത്ര സിനിമയ്‌ക്ക് ശേഷം സിജു വില്‍സൺ നായകനായി എത്തുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. പ്രേംലാൽ സംവിധാനം ചെയ്‌ത ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ തന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഇടിവി ഭാരതിനൊപ്പം ചേരുകയാണ് സിജു.
സാമൂഹിക - രാഷ്‌ട്രീയ വിഷയങ്ങളെ ഹാസ്യത്തിന്‍റെ മേമ്പൊടിയിൽ അവതരിപ്പിക്കുന്ന ഒരു സിനിമയുടെ ഭാഗമാകാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നതായി സിജു വില്‍സൺ പറഞ്ഞു. നാട്ടിൽ അക്ഷയ കേന്ദ്രമൊക്കെ നടത്തി ജീവിക്കുന്ന സാധാരണക്കാരനായ സനോജ് എന്ന കഥാപാത്രത്തെയാണ് പഞ്ചവത്സര പദ്ധതിയിൽ അവതരിപ്പിക്കുന്നത്. തിരക്കഥ കേട്ട് കഴിഞ്ഞപ്പോൾ തന്നെ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.
ആനുകാലിക സംഭവങ്ങളുമായി ഈ സിനിമയിലെ പല രംഗങ്ങൾക്കും സാമ്യതയുണ്ട്. കലമ്പാസുരൻ എന്ന മിത്തോളജിക്കൽ കഥാപാത്രം ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തതിനുശേഷം ഒരുപാട് പേരിൽ സംശയവും ആകാംക്ഷയും ജിജ്ഞാസയും ഉളവാക്കിയിട്ടുണ്ട്. അതുതന്നെയാണ് നമ്മൾ ഉദ്ദേശിച്ചതും.
മലയാള സിനിമ അതിന്‍റെ ഏറ്റവും വലിയ സുവർണ കാലത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. മികച്ച സിനിമകൾ നൽകിയാൽ പ്രേക്ഷകർ ഏറ്റെടുക്കും. ഈ സിനിമയ്‌ക്ക് അത്തരത്തിലുള്ള വിജയ ഫോര്‍മുലകളുടെ ഒരു പ്രമേയമുണ്ടെന്ന് താൻ വിശ്വസിക്കുന്നു. സിനിമയുടെ പേര് പോലെ തന്നെ ചിത്രത്തിന്‍റെ ആശയം എങ്ങനെ ജനങ്ങളിലേക്ക് എത്തിച്ചേരണമെന്നുള്ള പദ്ധതി തനിക്കും സംവിധായകനും തിരക്കഥാകൃത്തിനുമുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിനുശേഷം മലയാള സിനിമയിലെ നായകനിരയിലേക്ക് താൻ ഉയർന്നുതുടങ്ങിയതായി തോന്നുന്നുവെന്നും നടൻ പറഞ്ഞു. യഥാർഥത്തിൽ അഭിനയത്തിന്‍റെ ഗ്രാഫ് ഉയർത്തേണ്ടതിനെ കുറിച്ചുള്ള ധാരണ പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം ഉണ്ടായതല്ല. സിനിമാഭിനയം സീരിയസായി ചിന്തിച്ചു തുടങ്ങിയ കാലത്ത് തന്നെ പലപ്പോഴും അപ്ഡേറ്റ് ആയിരിക്കാൻ ശ്രമിക്കാറുണ്ട്.
തന്നിലേക്ക് എത്തിച്ചേരുന്ന തിരക്കഥകൾക്ക് അനുസരിച്ചാണ് കഥാപാത്രത്തിന് എത്രത്തോളം പ്രകടന സാധ്യത ഉണ്ടെന്ന് മനസിലാക്കുന്നത്. മികച്ച കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ അതിനനുസരിച്ച് കഠിനാധ്വാനം ചെയ്യാനും തയ്യാറാണ്. അത്തരത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രം ലഭിച്ചപ്പോൾ ആ കഥാപാത്രത്തെ മികവുറ്റതാക്കാൻ പരമാവധി ശ്രമിച്ചു.
ആ കഥാപാത്രത്തിനെ എത്രത്തോളം വിശ്വാസയോഗ്യമാക്കാം എന്നുള്ളത് എന്‍റെ കടമയായിരുന്നു. അതിനായി ധാരാളം സമയം ചിലവാക്കി. ശാരീരിക ക്ഷമത വർധിപ്പിച്ചു. കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ കഥാപാത്രത്തെ ജനങ്ങൾ സ്വീകരിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം മികച്ച കഥാപാത്രങ്ങൾ തേടിയെത്തുന്നുണ്ട്.
എനിക്ക് മികച്ച രീതിയിൽ ആക്ഷൻ ചെയ്യുവാൻ സാധിക്കുമെന്നും ഒരു സിനിമയെ ഒറ്റയ്‌ക്ക് ചുമലിലേറ്റാൻ കഴിയുമെന്നും ഈ ചിത്രം തെളിയിച്ചു. ഇപ്പോൾ എന്നെ തേടിയെത്തുന്ന മിക്ക തിരക്കഥകളിലും ആക്ഷന് പ്രാധാന്യം കൂടുതലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന് മുൻപ് എപ്പോഴും ശരീരഭാരം കൂടാതിരിക്കാനുള്ള വർക്കൗട്ട് സാധ്യതകൾ പരീക്ഷിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ മികച്ച ബോഡി ട്രാൻസ്‌ഫർമേഷൻ നടത്താനുള്ള വർക്ക് ഔട്ടുകൾ ചെയ്യുന്നു.
ഒരു ക്രിസ്‌ത്യൻ കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ മിത്തോളജിയോട് മുഖം തിരിക്കുന്നില്ല. വിശ്വാസിയാണ്, എന്നാൽ അമിതമായി വിശ്വാസങ്ങളെ മുറുകെപ്പിടിക്കാനും ശ്രമിച്ചിട്ടില്ല. ഞാൻ അഭിനയിച്ച ഇന്നുമുതൽ എന്ന ചിത്രത്തിൽ തത്വമസി എന്ന ആശയത്തെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചിട്ടുള്ളത്.
മനുഷ്യൻ തന്നെയാണ് ദൈവം. ഒരു ദൈവത്തിന്‍റെ എല്ലാ ഗുണങ്ങളും മനുഷ്യനിലും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു സാധാരണ മനുഷ്യന്‍റെ ദൈവീക ഗുണങ്ങൾ എപ്പോഴും പുറത്തെടുക്കാൻ സാധിച്ചു എന്ന് വരില്ല. പക്ഷേ അത്തരത്തിൽ ദൈവിക ഗുണങ്ങൾ പുറത്തെടുത്ത ഒരു മനുഷ്യനാണ് യേശു എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം ദൈവം അല്ല മനുഷ്യൻ തന്നെയാണ്.
ലോകത്തിലെ ഏറ്റവും പവർഫുൾ പേഴ്‌സണാലിറ്റി ഉള്ള മനുഷ്യൻ യേശുദേവൻ ആണെന്ന് താൻ വിശ്വസിക്കുന്നു. ലോകം തന്നെ യേശുദേവന് എതിരെ വന്നപ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവരുടെ ആത്മ സംതൃപ്‌തിക്ക് സ്വയം കീഴടങ്ങിയ മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ ഗുണഗണങ്ങൾ താൻ ജീവിതത്തിലേക്ക് ഉൾക്കൊള്ളാൻ ശ്രമിക്കുന്നു. ഫാന്‍റസി കഥാപാത്രങ്ങളും മിത്തോളജിക്കൽ കഥകളും റോം-കോം എന്നുവേണ്ട എല്ലാ ജോണറിലുമുള്ള എല്ലാത്തരം സിനിമകളുടെയും ഭാഗമാകാനാണ് ആഗ്രഹമെന്നും സിജു വിൽസൺ പറഞ്ഞു.