മലയാളത്തിൻ്റെ പ്രിയ നടൻ മമ്മൂട്ടിയുടെ 73-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ചെറിയൊരു ഓർമയുമായി പ്രിയതാരം റിയാസ് നർമകല. സ്റ്റേജ് കലാകാരനായി പിന്നീട് ജനപ്രിയ ടെലിവിഷൻ പരമ്പരകളുടെ ഭാഗമായി എങ്കിലും ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കുമല്ലോ ഒരു സിനിമയിൽ അഭിനയിക്കണം എന്നുള്ളത്, അതുമൊരു മമ്മൂട്ടി ചിത്രത്തിൽ ആണെങ്കിലോ.
റിയാസ് നർമ്മകല റോഷാക്ക് എന്ന ചിത്രത്തിൻ്റെ സെറ്റിൽ വച്ച് സംഭവിച്ച രസകരമായ കാര്യം മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഇടിവി ഭാരതുമായി പങ്കുവച്ചു. 'നമുക്കറിയാം ചെറുതും വലുതുമായ ധാരാളം അഭിനേതാക്കളെയും സംവിധായകരെയും സഹായിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള വ്യക്തിത്വമാണ് മമ്മൂട്ടി.
നിരവധി പുതിയ സംവിധായകർക്ക് അവസരം നൽകുകയും, ടെലിവിഷൻ മേഖലയിൽ നിന്നും മിമിക്രി മേഖലയിൽ നിന്നും വെള്ളിവെളിച്ചത്തിൻ്റെ വലിയ ക്യാൻവാസിലേക്ക് മമ്മൂട്ടി വലിച്ചുകയറ്റിയിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം ആദ്യം സഹകരിക്കുന്ന ചിത്രം വൺ ആണ്. ചെറിയൊരു വേഷമായിരുന്നു എനിക്കാ ചിത്രത്തിൽ ലഭിച്ചത്. പക്ഷേ അതിൻ്റെ പരിഭവം റോഷാക്ക് എന്ന സിനിമയിൽ മാറിക്കിട്ടി.
സിനിമ കണ്ടവർക്കറിയാം എൻ്റെ കഥാപാത്രത്തെക്കുറിച്ച്. അതിൽ മമ്മൂക്കയുമായി കോമ്പിനേഷൻ വരുന്ന ഒരു രംഗമുണ്ട്. മരണ വീട്ടിൽ വച്ച്. നമ്മളെപ്പോലുള്ള ഏതൊരു കലാകാരൻ്റെയും ആഗ്രഹമാണല്ലോ മമ്മൂട്ടിയോടൊപ്പം ഒരു സീനെങ്കിൽ ഒരു സീൻ അഭിനയിക്കുക എന്നുള്ളത്. പക്ഷേ അങ്ങനെ ഒരു അവസരം കിട്ടിയപ്പോൾ സത്യത്തിൽ ആകെ ടെൻഷനായി. തൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകൊണ്ട് ഷോട്ട് ശരിയായി വന്നില്ലെങ്കിൽ മമ്മൂട്ടി വഴക്ക് പറയുമോ എന്ന് വിചാരിച്ചു.
ഒരു മരണവീട്ടിലെ രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. മമ്മൂക്കയുമായി ആദ്യം അഭിനയിക്കുന്ന രംഗമാണത്. ആ രംഗത്തിൽ ഒരു ഡെഡ് ബോഡി മമ്മൂട്ടിയോടൊപ്പം തന്നെ പിടിച്ചുകൊണ്ടുപോകുന്ന ഷോട്ടായിരുന്നു എടുക്കേണ്ടിയിരുന്നത്. അഭിനയിച്ചുകഴിഞ്ഞ് ഡയറക്‌ടർ കട്ട് വിളിച്ചപ്പോൾ നെഞ്ചത്ത് ആവലാതി. ഷോട്ട് ശരിയായില്ലേ? ഞാൻ അഭിനയിച്ചത് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെയുള്ള ചിന്തകൾ വല്ലാതെ തളർത്തി. പെട്ടെന്ന് മമ്മൂട്ടി എന്നെ നോക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എൻ്റെ നേരെ കൈ ചൂണ്ടി. ഉറപ്പിച്ചു. ഷോട്ട് ശരിയായിട്ടില്ല. എൻ്റെ തെറ്റ് തന്നെയാണ്. എന്തും നേരിടാനുള്ള മനോധൈര്യം ആർജിക്കുന്നതിനിടെ മമ്മൂട്ടി പെട്ടെന്ന് എന്നോട് പറഞ്ഞു. ഇപ്പോൾ നിൻ്റെ ആഗ്രഹം സാധിച്ചില്ലേ... എന്നോടൊപ്പം അഭിനയിക്കുക എന്നുള്ളത്. സത്യം പറയാലോ ശ്വാസം അപ്പോഴാണ് നേരെ വീണത്.
മമ്മൂട്ടി സിനിമകളിലെ പ്രിയ ഗാനങ്ങളിൽ ഒന്ന് റിയാസ് നർമകല മൂളി.. ശാന്തമീ രാത്രിയിൽ എന്ന് തുടങ്ങുന്ന ഗാനം കോളജ് പഠനകാലത്ത് സ്റ്റേജിൽ കയറി പാടിയപ്പോൾ കൂവൽ ഏറ്റു വാങ്ങിയ ചരിത്രം ഉണ്ട് എനിക്ക്. പാടിക്കഴിഞ്ഞശേഷം റിയാസ് പ്രതികരിച്ചു.
മാത്രമല്ല സ്ത്രീ ശബ്‌ദത്തിൽ പാടാനും റിയാസിന് പ്രത്യേക കഴിവുണ്ട്. മമ്മൂട്ടി ചിത്രത്തിലെ താരാപദം എന്ന ഗാനം സ്ത്രീ പുരുഷ ശബ്‌ദത്തിൽ റിയാസ് അവതരിപ്പിച്ചു. ഒപ്പം മമ്മൂട്ടിക്ക് ഹൃദയത്തിൻ്റെ ഭാഷയിലുള്ള പിറന്നാൾ ആശംസകൾ നേർന്നു.
Also Read: ചൂടനോ, മമ്മൂട്ടിയോ? മെഗാസ്റ്റാറിന്‍റെ പിറന്നാൾ ദിനത്തിൽ സംവിധായകൻ ജിയോ ബേബി പ്രതികരിക്കുന്നു