54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ എട്ട് പുരസ്‌കാരങ്ങളോടെ തിളങ്ങിയത് ബ്ലെസിയുടെ 'ആടുജീവിത'മാണ്. ചിത്രത്തില്‍ മികച്ച അഭിനയം കാഴ്‌ചവച്ച കെആര്‍ ഗോകുല്‍, ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായിരുന്നു.
ഇപ്പോഴിതാ പുരസ്‌കാരം ലഭിച്ച വേളയില്‍ ഗോകുല്‍ തന്‍റെ സന്തോഷം ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ്. ഈ പുരസ്‌കാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഗോകുല്‍ പറയുന്നത്. 'ആടുജീവിത'ത്തിലെ ഹക്കീമിനും മരുഭൂമിയിൽ ഇതു പോലെ കഷ്‌ടപ്പെടുന്ന ജീവാത്‌മാക്കൾക്കും താന്‍ ഈ അവാര്‍ഡ് സമർപ്പിക്കുന്നുവെന്നും ഗോകുല്‍ പ്രതികരിച്ചു.
"വല്ലാത്തൊരു എക്‌സൈറ്റ്‌മെന്‍റിലാണ് താന്‍. പുരസ്‌കാരലബ്‌ദി ഒരിക്കലും പ്രതീക്ഷിച്ചതല്ല. പെട്ടെന്നാണ് തനിക്ക് മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം ഉണ്ടെന്ന് അറിയുന്നത്. അതിന്‍റെ ഒരു എക്‌സൈറ്റ്‌മെന്‍റ് വിട്ടുമാറുന്നില്ല. മികച്ച ഒരു കമ്മിറ്റിയാണ് അവാർഡുകൾ തിരഞ്ഞെടുക്കുന്നത്. അവരുടെ കണ്ണുകളിൽ എന്‍റെ പ്രകടനം മികച്ചതാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാൻ ആകുന്നതല്ല.
മരുഭൂമിയുടെ ചൂടിൽ കഥാപാത്രമായി മാറുമ്പോഴും കഥാപാത്രത്തിനായി ശരീരഭാരം കുറയ്ക്കുമ്പോഴും വർഷങ്ങളോളം കഷ്‌ടപ്പെടുമ്പോഴും അവാർഡനെ കുറിച്ച് ഒരു തരി പോലും ചിന്തിച്ചിരുന്നില്ല. എടുത്ത കഷ്‌ടപ്പാടിനൊക്കെ ഫലം ലഭിച്ചത് പോലെ. അവാർഡ് 'ആടുജീവിത'ത്തിലെ ഹക്കീമിനും മരുഭൂമിയിൽ ഇതുപോലെ കഷ്‌ടപ്പെടുന്ന ജീവാത്‌മാക്കൾക്കും സമർപ്പിക്കുന്നു."- ഗോകുല്‍ പ്രതികരിച്ചു.
കോഴിക്കോട് സ്വദേശിയായ ഗോകുലിന്‍റെ 'ആടുജീവിതം' കണ്ടവരാരും ചിത്രത്തിലെ ഹക്കീമിന്‍റെ കഥാപാത്രത്തെ മറക്കാനിടയില്ല. ഒന്നാംവർഷ ബിരുദ പഠനത്തിനിടെയായിരുന്നു ഗോകുലിനെ തേടി 'ആടുജീവിത'ത്തിലെ കഥാപാത്രം എത്തുന്നത്. അതോടെ പഠനം മുടങ്ങി. പിന്നീട് ആറ് വർഷത്തെ നീണ്ട തപസ്യ ആയിരുന്നു.
നജീബ് എന്ന കഥാപാത്രത്തിനായി പൃഥ്വിരാജ് എത്രത്തോളം ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോയോ അത്രത്തോളം തന്നെ ഗോകുലും ഈ സിനിമയ്‌ക്ക് വേണ്ടി ചെയ്‌തിട്ടുണ്ട്. ശരീരഭാരം കുറച്ചപ്പോഴുണ്ടായ ക്ഷീണവും മാനസിക സമ്മർദവും എല്ലാം സിനിമയ്‌ക്ക് വേണ്ടി ആകുമ്പോൾ ബുദ്ധിമുട്ടായി തോന്നിയില്ലെന്നും ഗോകുൽ പറഞ്ഞിരുന്നു. ഹക്കീം എന്ന യഥാർഥ മനുഷ്യൻ അനുഭവിച്ച കഷ്‌ടതകൾ ഓർക്കുമ്പോൾ താൻ എത്രയോ ചെറിയ കാര്യമാണ് ചെയ്യുന്നതെന്ന തോന്നൽ ഉണ്ടാകുമെന്നും ഗോകുല്‍ മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
സിനിമയിൽ പര്യവസാനം ഉണ്ടെങ്കിലും ഹക്കീം എന്ന റിയൽ ലൈഫ് കഥാപാത്രത്തിന്‍റെ കഥ ഇപ്പോഴും ദുരൂഹമാണ്. എപ്പോഴെങ്കിലും ഹക്കീമിനെ കാണാൻ ഒരു അവസരം ഉണ്ടായാൽ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് മുത്തം നൽകുകയാകും ചെയ്യുകയെന്ന് ഗോകുൽ പറഞ്ഞു.
'ആടുജീവിത'ത്തിന്‍റെ സെറ്റിൽ നടൻ മാത്രമായിരുന്നില്ല ഗോകുൽ. അഭിനയിക്കാത്ത സമയങ്ങളിൽ സിനിമയുടെ സഹസംവിധായക കുപ്പായവും ഗോകുൽ അണിഞ്ഞിരന്നു. ഒരിക്കൽ സംവിധായകൻ ബ്ലെസി ഏൽപ്പിച്ച അദ്ദേഹത്തിന്‍റെ ഒരു ബാഗ് തന്‍റെ പക്കൽ നിന്നും മരുഭൂമിയിൽ എവിടെയോ നഷ്‌ടപ്പെട്ട കഥയും ഗോകുൽ ഓര്‍ത്തെടുത്തു. ബ്ലെസിയുടെ ഫോണും താക്കോലും വസ്‌ത്രങ്ങളുമെല്ലാം അടങ്ങിയ ബാഗ് ആയിരുന്നു അത്. കളഞ്ഞുപോയ ബാഗ് തിരികെ ലഭിക്കുന്നത് വരെ താൻ അനുഭവിച്ച മാനസിക സമ്മർദം വളരെ വലുതായിരുന്നെന്നും ഗോകുല്‍ പറഞ്ഞു.
ചിത്രത്തിൽ ഹക്കീമിന്‍റെ കഥാപാത്രം മരുഭൂമിയിൽ വച്ച് മണലിനടിയിലാകുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിൽ ഹക്കീമിന്‍റെ കണ്ണ് തുറന്നിരിക്കുന്നതായി കാണാം. ആ രംഗത്തിനു വേണ്ടി പ്രോസ്‌തെറ്റിക് മേക്കപ്പിന്‍റെ സഹായമാണ് സ്വീകരിച്ചത്. രഞ്ജിത്ത് അമ്പാടി എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ കരവിരുത് കൂടിയാണത് കാണിക്കുന്നത്. അടച്ച കണ്ണിനു മുകളിൽ മറ്റൊരു കണ്ണ് വച്ച് പിടിപ്പിക്കുകയായിരുന്നു. അസാമാന്യ പ്രകടനത്തിലൂടെയും ഞെട്ടിപ്പിക്കുന്ന മേക്കോവറിലൂടെയും തിയേറ്ററുകളില്‍ ഗോകുൽ പ്രേക്ഷകരുടെ കൈയ്യടികൾ വാരിക്കൂട്ടിയിരുന്നു.