റിയാദ്: ഇന്ത്യൻ വനിതകൾക്കനുകൂലമായി തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സൗദി അറേബ്യ. ഇന്ത്യൻ വനിതകൾക്ക് തൊഴിൽ നേടാൻ അനുകൂലമായ സാഹചര്യങ്ങളാണ് തങ്ങളുടെ രാജ്യത്തുള്ളതെന്ന് സൗദിയുടെ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.സ്‌ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നത് രാജ്യത്തിലേക്ക് വിദേശികളെ ആകർഷിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
2024 ലെ കണക്കനുസരിച്ച് 2.4 ദശലക്ഷത്തിലധികം ഇന്ത്യൻ തൊഴിലാളികൾ രാജ്യത്ത് താമസിക്കുന്നുണ്ട്. അതിൽ 1.64 ദശലക്ഷം സ്വകാര്യ മേഖലയിലും 7,85,000 വീടുകളിലുമാണ് ജോലി ചെയ്യുന്നത്. ബംഗ്ലാദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവാസി തൊഴിലാളികൾ ഉള്ളത്. 2.69 ദശലക്ഷം ബംഗ്ലാദേശികളാണ് അവിടെ ജോലി ചെയ്യുന്നത്. സൗദി അറേബ്യയിലെ തൊഴിൽ വിപണിയിൽ സ്‌ത്രീകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ തൊഴിലാളികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഒരു വക്താവ് പറഞ്ഞു.
സമഗ്രമായ പരിഷ്‌കാരങ്ങൾ, ജോലിസ്ഥലത്തുനിന്ന് ലഭിക്കുന്ന പിന്തുണ, നൈപുണ്യ വികസനത്തിലെ നിക്ഷേപങ്ങൾ എന്നിവ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്‌ത്രീകൾക്ക് സ്വാഗതാർഹമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നുവെന്നും വക്താവ് പറഞ്ഞു. തൊഴിലാളികൾ അവരുടെ പ്രൊഫഷണൽ, വ്യക്തിഗത താല്പര്യങ്ങൾ പിന്തുടരുമ്പോൾ അത് അവരെ രാജ്യത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന നൽകാൻ പ്രാപ്‌തരാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സൗദി അറേബ്യയിലെ തൊഴിലവസരങ്ങളെ കുറിച്ച് ഏജന്‍റുമാർ വ്യാജപ്രചരണങ്ങൾ നടത്തി ഇന്ത്യക്കാരെ കബളിപ്പിക്കുന്ന ചില സംഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അന്താരാഷ്ട്ര തൊഴിൽ നിലവാരം ഉയർത്തിപ്പിടിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒട്ടനവധി തൊഴിൽ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഈ ശ്രമങ്ങളെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി, റിക്രൂട്ട്‌മെൻ്റ് സമയത്ത് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനും, വിവര കൈമാറ്റം, സംയുക്ത അന്വേഷണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി സൗദി അറേബ്യ ഉഭയകക്ഷി കരാറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികൾക്കായി മുസനെഡ്, ക്വിവ പ്ലാറ്റ്‌ഫോമുകൾ: വേതനം, കരാർ വ്യവസ്ഥകൾ അല്ലെങ്കിൽ മോശമായ പെരുമാറ്റം എന്നിവ സംബന്ധിച്ച് തൊഴിലാളികൾക്ക് പരാതികൾ ഫയൽ ചെയ്യാൻ മുസനെഡ്, ക്വിവ തുടങ്ങിയ പ്രശ്‌നപരിഹാര പ്ലാറ്റ്‌ഫോമുകൾ ലഭ്യമാണ്. അതിൽ പരാതി രജിസ്‌റ്റർ ചെയ്യുന്നതിലൂടെ ഈ ആശങ്കകൾ പരിഹരിക്കപ്പെടുന്നുവെന്നും ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കുള്ള തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, സ്ത്രീകളുടെ തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നതിൽ സൗദി അറേബ്യയുടെ മുന്നേറ്റം രാജ്യത്തെ വിജയത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു. തൊഴിൽ മേഖലയിൽ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങൾ രാജ്യത്ത് സ്ത്രീകളുടെ തൊഴിലില്ലായ്‌മ അഭൂതപൂർവമായ കുറയ്ക്കുന്നതിന് കാരണമായതായി വക്താവ് പറഞ്ഞു.
ഇന്ത്യയിലേതുൾപ്പെടെയുള്ള പ്രവാസി തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സൗദി അറേബ്യ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുഖേന വിവിധ തൊഴിൽ പരിഷ്‌കാരങ്ങൾ അവതരിപ്പിച്ചു. ഈ പരിഷ്‌കാരങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ വർധിപ്പിക്കുന്നതിലും ഞങ്ങളുടെ നയങ്ങളും സമ്പ്രദായങ്ങളും അന്താരാഷ്‌ട്രതലത്തിൽ സ്ഥാപിതമായ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന് ഉദാഹരണമാണ് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനുമായുള്ള തങ്ങളുടെ ശക്തമായ പങ്കാളിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് മുസനെഡ് പ്ലാറ്റ്‌ഫോം: 2014ലാണ് സൗദി അറേബ്യ ഔദ്യോഗികമായി മുസനെഡ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ലൈസൻസുള്ള ഏജൻസികൾ മുഖേന റിക്രൂട്ട്‌മെൻ്റ് പ്രക്രിയ സുഗമമാക്കുന്നതിന് പ്ലാറ്റ്‌ഫോം സഹായിക്കുന്നു. തൊഴിലാളികൾക്ക് അവരുടെ വേതനം ട്രാക്ക് ചെയ്യാനും ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ കഴിയും. 14 തരത്തിലുള്ള സേവനങ്ങളാണ് മുസനെഡ് വാഗ്‌ദാനം ചെയ്യുന്നത്. ലക്ഷക്കണക്കിന് റിക്രൂട്ട്‌മെൻ്റ് കരാറുകൾ സുരക്ഷിതമായി നടപ്പാക്കുന്നതില്‍ ഈ പ്ലാറ്റ്‌ഫോം പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
Also Read: 22 ലക്ഷം രൂപ ശമ്പളം, 50 ദിവസത്തെ അവധി! റൊണാൾഡോയുടെ ഹോട്ടലിൽ ജോലി കാത്തിരിക്കുന്നു!