തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ മൂന്നാമത്തെ അധ്യാപക ക്ലസ്റ്റർ പരിശീലനം നാളെ (ജനുവരി 27) നടക്കും. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് അവധിയായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ നിന്നായി 1,34,540 അധ്യാപകരാണ് ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കുക.
എൽപി തലത്തിൽ നിന്നും 51,515 അധ്യാപകരും യുപിതലത്തിൽ നിന്നും 40,036 അധ്യാപകരും ഹൈസ്‌കൂള്‍ തലത്തിൽ നിന്നും 42,989 അധ്യാപകരുമാണ് പരിശീലനത്തിൽ പങ്കെടുക്കുക. എൽപി ക്ലാസ് അടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിലും യുപി തലം വിഷയാടിസ്ഥാനത്തിൽ ബിആർസി തലത്തിലും ഹൈസ്‌കൂൾ തലം വിഷയാടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലാതലത്തിലുമാണ് ക്ലസ്റ്റർ പരിശീലനങ്ങൾ നടക്കുന്നത് (Cluster Training).
40-50 അധ്യാപകർക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റർ പരിശീലനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുള്ളത്. ഒരു ബാച്ചിന് രണ്ട് റിസോഴ്‌സ് പേഴ്‌സണുകൾ എന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത് (Teachers Cluster Training Tomorrow).
നേരത്തെ സംഘടിപ്പിച്ചിരുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന് ശേഷം ക്ലാസില്‍ നടന്ന പഠന പ്രവര്‍ത്തനങ്ങളുടെ അവലോകനം, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, രണ്ടാം ടേം മൂല്യ നിര്‍ണയത്തിന്‍റെ ഫീഡ് ബാക്ക് പങ്കുവയ്‌ക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ക്ലസ്റ്ററിലുണ്ടാകുക. 2023 ഒക്‌ടോബര്‍ 7നും നവംബര്‍ 23നുമാണ് നേരത്തെ ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടന്നത് (Cluster Training For Primary And Secondary Teachers).
യോഗം വിളിച്ച് മന്ത്രി വി.ശിവന്‍കുട്ടി: അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനത്തിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ക്ലസ്റ്ററിലെ പങ്കാളിത്തം പൂര്‍ണമാക്കാന്‍ മുഴുവന്‍ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു (Minister V Sivankutty). എഇഒ, ഡിഇഒ, ഡിഡി, ഡിപിസി, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ െസക്രട്ടറി റാണി ജോര്‍ജ്, പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ഷാനവാസ് എസ്‌ഐഎഎസ്, എസ്‌എസ്‌കെ ഡയറക്‌ടര്‍ ഡോ.സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.രാമകൃഷ്‌ണന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
റിപ്പബ്ലിക്കിനും അവധി: 75ാം റിപ്പബ്ലിക് ദിനമായ ഇന്നും (ജനുവരി 26) സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. എന്നാല്‍ രാവിലെ സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥികളും അധ്യാപകരും പതാക ഉയര്‍ത്തുകയും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.