തിരുവനന്തപുരം: വിദേശത്ത് ജോലിയും പഠനവും സ്വപ്‌നം കാണുന്ന നിരവധി ചെറുപ്പക്കാരാണ് സംസ്ഥാനത്തുള്ളത്. യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പലപ്പോഴും OET/IELTS യോഗ്യത നിർബന്ധവുമാണ്. ഇതിനായി സംസ്ഥാന സർക്കാരിന്‍റെ നോർക്കയുടെ നോർക്ക ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് നടത്തുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ സെന്‍ററുകളിൽ നടത്തുന്ന കോഴ്‌സിലേക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 2024 ജൂലൈ 31 വരെ അപേക്ഷ നല്‍കാമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. ആരോഗ്യ മേഖലയിൽ ജോലി തേടുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കിയാൽ നോർക്ക റൂട്ട്സ് വഴി തന്നെ ജോലിയും നേടാനുള്ള അവസരമുണ്ട്.
IELTS കോഴ്‌സിലേക്ക് എല്ലാവർക്കും അപേക്ഷിക്കാം. ബിപിഎല്‍, എസ്‌സി-എസ്‌ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. രാവിലത്തെ സെഷൻ ഒന്‍പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ ഒരു മണി മുതല്‍ മുതൽ വൈകിട്ട് അഞ്ച് മണി വരെയുമായിരിക്കും.
തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും, മിസ്‌ഡ് കോള്‍ സര്‍വീസ്) നിന്ന് ബന്ധപ്പെടാവുന്നതാണ്.
Also Read: സൗദി ആരോഗ്യ വകുപ്പില്‍ നഴ്‌സുമാരാകാം: അപേക്ഷിക്കാന്‍ ഒരാഴ്‌ച കൂടി, ഒഴിവുകള്‍ ഈ സ്‌പെഷ്യാലിറ്റികളില്‍