തിരുവനന്തപുരം : വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാനത്ത് 4 വർഷ ബിരുദ കോഴ്‌സുകൾ നിലവിൽ വരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകീകൃത അക്കാദമിക് ടൈം ടേബിളും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ വർഷം മുതൽ നടപ്പിലാക്കാനൊരുങ്ങുകയാണ്. മെയ് 20 മുതലാണ് സംസ്ഥാനത്തെ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ച് തുടങ്ങുന്നത്.
നോട്ടിഫിക്കേഷൻ വന്നാൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാനാകും. ജൂൺ 7 വരെ അപേക്ഷകൾ സമർപ്പിക്കാം. ട്രയൽ റാങ്ക് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും ജൂൺ 15 ന് പ്രസിദ്ധീകരിക്കും. ജൂൺ 22 നാണ് ആദ്യ അലോട്ട്മെന്‍റ്. ജൂൺ 29 ന് രണ്ടാം അലോട്ട്മെന്‍റ് നടന്നതിന് ശേഷം ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. ജൂലൈ 5 നാണ് മൂന്നാം അലോട്ട്മെന്‍റ്.
ആദ്യം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ജൂലൈ 8 മുതൽ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. നാലാം അലോട്ട്മെന്‍റ് ജൂലൈ 22 നാണ്. തുടർന്ന് കോളജ് അലോട്ട്മെന്‍റുകൾ അതാത് കോളജുകൾ നൽകുന്ന സമയത്ത് നടക്കും. ഓഗസ്റ്റ് 24 ന് പ്രവേശന നടപടികൾ പൂർത്തിയാകും. സംസ്ഥാനത്ത് ആദ്യമായി ഏകീകൃത അക്കാദമിക്ക് കലണ്ടറും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
എന്നാൽ സ്വാശ്രയ -സ്വയം ഭരണ കോളജുകൾ ഏകീകൃത അക്കാദമിക്ക് കലണ്ടർ അംഗീകരിച്ചോയെന്ന ചോദ്യത്തിന് അവർ വിയോജിക്കേണ്ട കാര്യമില്ലെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം.
Also Read: നാലുവർഷ ബിരുദ കോഴ്‌സുകൾ ഈ അധ്യയന വർഷം മുതൽ ; നോട്ടിഫിക്കേഷൻ മെയ് 20 ന് മുൻപ്