തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ വേദിയിൽ കരവിരുതിൻ്റെ വിസ്‌മയമൊരുക്കുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവൃത്തി പരിചയ പ്രദർശന വിപണന മേള. സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മേള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. തുടർന്ന് സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി കുട്ടികളെ അഭിനന്ദിച്ചു.
തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കൂൾ കുട്ടികളുടെ കരവിരുതുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ വിദ്യാര്‍ഥികള്‍ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുക.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ സെൻ്ററുകൾ കൂടാതെ സ്‌കൂൾ ക്ലബ്, സബ്‌ജില്ലാ ക്ലബ് തുടങ്ങി പ്രവർത്തി പരിചയ ക്ലബുകളുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഉത്പന്നങ്ങളും പ്രദർശനത്തിനുണ്ട്. വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനം കുട്ടികൾക്ക് നൽകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നായി പരിസ്ഥിതി സൗഹൃദ ലോഷനായ തണൽ മുതൽ വെജിറ്റബിൾ പ്രിൻ്റുള്ള സാരി വരെ വൈവിധ്യമാർന്ന വസ്‌തുക്കൾ മേളയുടെ ഭാഗമായി പ്രദർശനത്തിനുണ്ട്.
'മറ്റൊരാൾക്കു വേണ്ടി സാരിയിൽ കലകൾ തീർക്കാനും അതിലേറെ അതടുത്ത് കാണാനും ആഗ്രഹമുണ്ട്. പ്രവർത്തി പരിചയ സ്റ്റാളിലൂടെ ആദ്യമായി കലോത്സവ വേദിയിൽ എത്താൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവുമുണ്ട്.'- മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്‌ണപ്രിയ പറഞ്ഞു.
മേളയിൽ പച്ചക്കറികൾ കൊണ്ട് സാരിയിൽ തത്സമയം വർണ്ണങ്ങൾ തീർക്കുകയാണ് ഈ കൊച്ചുമിടുക്കി. സാരിയുടെ തുണിത്തരമനുസരിച്ച്, 1000 മുതൽ 1500 രൂപ നിരക്കിലാണ് വിൽപ്പന നടത്തുകയെന്ന് സ്‌കൂളിലെ പ്രവൃത്തി പരിചയ അധ്യാപികയായ വർഷ പറഞ്ഞു.
Also Read: കഥയറിഞ്ഞ് ആടി; തിരുവരങ്ങില്‍ കഥകളിയുമായി കലാകാരന്മാര്‍