ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in. ല്‍ സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കാണ് മെയിന്‍സ് പരീക്ഷ എഴുതാനാവുക. തുടർന്ന് അഭിമുഖം അഥവ വ്യക്തിത്വ പരീക്ഷയിലേക്കും യോഗ്യത ലഭിക്കും.
2024 ജൂൺ 16 ന് ആണ് പ്രിലിമിനറി പരീക്ഷ നടന്നത്. രാജ്യത്തുടനീളം 13.4 ലക്ഷത്തിലധികം പേരാണ് പരീക്ഷയെഴുതിയത്. യുപിഎസ്‌സിയാണ് പരീക്ഷ നടത്തുന്നത്.
പ്രിലിമിനറി പരീക്ഷയ്ക്ക് മൊത്തം 400 മാര്‍ക്ക് ആണ്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 1, പേപ്പര്‍ 2 ആയാണ് പരീക്ഷ നടത്തുന്നത്. ഒബ്‌ജക്‌ടീവ് ടൈപ്പ് ചോദ്യങ്ങളാകും പരീക്ഷയിലുണ്ടാവുക.
ജനറൽ സ്റ്റഡീസി(പേപ്പർ I)ല്‍ ഇന്ത്യൻ രാഷ്ട്രീയം, ഭൂമിശാസ്ത്രം, ചരിത്രം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, ശാസ്ത്രവും സാങ്കേതികവിദ്യയും, പരിസ്ഥിതി, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഉണ്ടാവുക.
സിവിൽ സർവീസസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, അല്ലെങ്കിൽ CSAT (പേപ്പർ 2), യുക്തി പരിശോധനയും വിശകലന ശേഷി പരിശോധിക്കുന്നതുമായ ചോദ്യങ്ങളാണ്. വായന ശേഷി മനസിലാക്കാനുള്ള ചോദ്യങ്ങൾ, തീരുമാനമെടുക്കാനുള്ള ശേഷി പരിശോധിക്കുന്ന ചോദ്യങ്ങൾ എന്നിവയും ഈ പേപ്പറിലുണ്ടാകും.