കോഴിക്കോട് : സ്ഥലമില്ലെന്ന കാരണത്താൽ കൃഷി ഉപേക്ഷിക്കുന്നവർക്ക് മുന്നിൽ വേറിട്ടൊരു മാതൃക തീർക്കുകയാണ് കോഴിക്കോട് തിരുവണ്ണൂരിലെ വാഴയിൽ സിദ്ദിഖ് (Vegetable farming in pond space Thiruvannur Kozhikode). സ്വന്തമായി സ്ഥലവും സൗകര്യവും ഇല്ലാത്തവർക്കും ഏതു കൃഷിയും ചെയ്യാമെന്ന് തെളിയിക്കുന്നതാണ് സിദ്ദിഖിന്‍റെ കൃഷി. മനസ് ഉണ്ടെങ്കിൽ ഏത് കൃഷിയും എവിടെയും ചെയ്യാമെന്ന് കാണിച്ചുതരികയാണ് അദ്ദേഹം.
തിരുവണ്ണൂരിലെ പൊതുകുളത്തിന്‍റെ പടവുകളിലാണ് സിദ്ദിഖിന്‍റെ കൃഷി. രണ്ട് വർഷം മുമ്പാണ് ശൂരംപടയിലൂടെ പ്രശസ്‌തമായ തിരുവണ്ണൂരിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ കുളക്കരയിൽ കൃഷി ചെയ്യാൻ ആരംഭിച്ചത്. വ്യത്യസ്‌ത തരത്തിലുള്ള ഗ്രോ ബാഗുകളിലാണ് സിദ്ദിഖിന്‍റെ പച്ചക്കറി വിളയുന്നത്.
കുളത്തിന്‍റെ ചുറ്റുമുള്ള പടവുകളിലും കുളത്തിലേക്ക് ഇറക്കി കെട്ടിയ ഭാഗങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. വെണ്ടയും തക്കാളിയും വഴുതനയും പച്ചമുളകും തുടങ്ങി എല്ലാ കൃഷികളും ഉണ്ടെങ്കിലും ചീരയാണ് സിദ്ദിഖിന്‍റെ കുളക്കടവിലെ കൃഷിയിലെ പ്രധാന താരം. ഓൺലൈൻ വഴി എത്തിച്ച കടും ചുവപ്പു നിറത്തിലുള്ള ബ്ലാത്താങ്കര ചീര ആരെയും ആകർഷിക്കും.
നല്ല വെയിലും ഏത് സമയത്തും കൃഷിക്കാവശ്യമായ വെള്ളം ധാരാളം ലഭിക്കും എന്നതും സിദ്ദിഖിന്‍റെ കൃഷിയെ മികച്ചതാക്കി. കുളക്കടവിലെ കൃഷിയിലൂടെ മികച്ചൊരു ആശയവും പുതിയ തലമുറക്കുമുന്നിൽ സിദ്ദിഖിൻ്റേതായി മുന്നോട്ടുവയ്ക്കുന്നുണ്ട്. അടുക്കളത്തോട്ടം ആനന്ദം, ആദായം, ആഹാരം, ആരോഗ്യം എന്നതാണ് സിദ്ദിഖ് നൽകുന്ന ആശയം. കൃഷിയില്‍ മറ്റുള്ളവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിലും സിദ്ദിഖ് മുന്നിലുണ്ട്.
തിരുവണ്ണൂരിൽ സ്റ്റേഷനറി കട നടത്തുന്ന തിരക്കിനിടയിൽ ലഭിക്കുന്ന ഒഴിവു വേളകളാണ് കൃഷിയെ പരിചരിക്കാൻ ഉപയോഗിക്കുന്നത്. തൻ്റെ വേറിട്ട കൃഷിക്ക് നാട്ടുകാരുടെ പ്രോത്സാഹനം ഉള്ളതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ കൂടുതൽ സ്ഥലം കണ്ടെത്തി കൃഷി വ്യാപിപ്പിക്കണം എന്നതാണ് സിദ്ദിഖിന്‍റെ ആഗ്രഹം.