ഇടുക്കി: ജില്ലയില്‍ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. 130 രൂപയിൽ നിന്നും 180 രൂപയിലേക്കാണ് വില കുത്തനെ കൂടിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. തമിഴ്‌നാട്ടിലെ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിടിക്കൊടുക്കാതെ കുതിക്കുകയാണ് ഇറച്ചിക്കോഴിയുടെ വില. ദിവസവും കോഴിയിറച്ചിക്ക് വില വര്‍ധിക്കുന്ന സാഹചര്യമാണ്. 2023 ഡിസംബറില്‍ ഇറച്ചിക്കോഴിക്ക് 100 രൂപയില്‍ താഴെയായിരുന്നു വില. ശക്‌തമായ വേനലിനെ തുടർന്ന് ഉത്പാദനം കുറഞ്ഞതാണ് വില കൂടാന്‍ പ്രധാന കാരണം. തമിഴ്‌നാട്ടിൽ ചൂട് കടുത്തതോടെ കര്‍ഷകര്‍ കോഴി വളര്‍ത്തല്‍ താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
കേരളം, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇറച്ചിക്കോഴിയുടെ ലഭ്യത കുറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും വില്‍പ്പനക്കായി ഇറച്ചിക്കോഴി എത്തുന്നത്. കേരളത്തിലെ ചില ഫാമുകളില്‍ നിന്നും വില്‍പ്പനക്കായി വ്യാപാരികള്‍ കോഴി വാങ്ങുന്നുണ്ട്. വില കുത്തനെ ഉയര്‍ന്നതോടെ തീന്‍ മേശകളില്‍ കോഴി വിഭവങ്ങള്‍ എത്തിക്കണമെങ്കിൽ ആളുകള്‍ അധിക തുക മുടക്കേണ്ടി വരുന്നു.
ഹോട്ടല്‍ മേഖലക്കും കോഴിയിറച്ചി വില ഉയര്‍ന്നത് തിരിച്ചടിയായിട്ടുണ്ട്. ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. അതേസമയം വില വര്‍ധനവ് നിയന്ത്രിക്കാൻ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതിയുമുണ്ട്. ജൂൺ ആദ്യവാരത്തോടെ വിലയിൽ ഇടിവ് ഉണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.
തമിഴ്‌നാട്ടിൽ ബ്രോയിലർ കോഴിയുടെ മൊത്തവില കൂടി: തിരുപ്പൂർ, കോയമ്പത്തൂർ, ഈറോഡ് എന്നിവയുൾപ്പടെ പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ ഉടനീളം ബ്രോയിലർ കോഴിയിറച്ചിയുടെ സംഭരണവില (മൊത്തവില) വർധിക്കാൻ വേനൽച്ചൂട് കാരണമായി. കിലോഗ്രാമിന് (ഏപ്രിൽ 21) 121 രൂപയായിരുന്ന വില 144 രൂപയായി (മെയ് 18) കുതിച്ചുയർന്നു.
ചോളം, നിലക്കടല, പിണ്ണാക്ക് തുടങ്ങിയ കോഴിത്തീറ്റകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും കടുത്ത വേനൽ പക്ഷികളുടെ നിലനിൽപ്പിനെ ബാധിച്ചതായി ഫാം ഉടമകൾ പറയുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി വില വർധിക്കാൻ പ്രധാന കാരണം ബാഹ്യ ഘടകങ്ങളാണെന്ന് തമിഴ്‌നാട് ബ്രോയിലർ ഫാം ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് എം ഈശ്വരമൂർത്തി പറഞ്ഞു.
ഉഷ്‌ണതരംഗങ്ങൾ കോഴികളെ മരണത്തിലേക്ക് നയിച്ചു. ബ്രോയിലർ ഫാം വഴി 2.2 കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള കുഞ്ഞുങ്ങളെയാണ് വിൽക്കാൻ അനുവദിക്കുന്നത്. എന്നാൽ അടിക്കടിയുള്ള മരണങ്ങൾ കാരണം, എല്ലാ കോഴി ഫാമുകളും പക്ഷികളെ വെറും 1.8 കിലോ തൂക്കമുള്ളപ്പോൾ തന്നെ വിൽക്കാൻ തുടങ്ങി.
പല്ലടത്തെ വൻകിട ഹാച്ചറികളും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. പൊള്ളുന്ന ചൂട് പല്ലടത്തെ മിക്കവാറും എല്ലാ ഹാച്ചറികളിലും കോഴി ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ബ്രോയിലർ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി കെ ചിന്നസാമി പറഞ്ഞു. കോഴി ഫാമുകളിൽ പക്ഷികൾ ചത്തൊടുങ്ങുന്നതിന് പുറമെ, ഉത്പാദനവും കുറവാണ്.
അസ്ഥിരമായ മാർക്കറ്റ് അവസ്ഥയാണ് പ്രശ്‌നത്തിന് പ്രധാന കാരണമെന്നാണ് അനിമൽ ഹസ്‌ബൻഡറി ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥന്‍റെ പ്രതികരണം. മത്സ്യങ്ങളുടെ വരവ് കുറവായതിനാൽ എല്ലാ വേനൽക്കാലത്തും ഇത്തരത്തിൽ കോഴികളുൾപ്പടെയുള്ളവയുടെ വിലയിൽ വർധനവുണ്ടാകും. പൊതുജനങ്ങൾ ചിക്കൻ തിരഞ്ഞെടുക്കുന്നു എന്നതാണ് ഇതിന് കാരണം. എന്നിരുന്നാലും, ഈ അവസ്ഥ താൽക്കാലികമാണെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
തെലങ്കാനയിലും വില കൂടി: വേനലവധിക്കാലത്ത് ചൂടിൽ കൂടുതൽ കോഴികൾ ചത്തതോടെ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില തെലങ്കാനയിലും കുതിച്ചുയർന്നിരുന്നു. കൂടിയ താപനില നേരിയ തോതിൽ കുറഞ്ഞാൽ, കാലവർഷം ആരംഭിക്കുന്നതുവരെ വില ക്രമേണ കുറയാൻ തുടങ്ങുമെന്നാണ് വിലയിരുത്തൽ. ഹൈദരബാദിൽ കോഴിയുടെ ഫാം വില 150 രൂപയാണ്. റീട്ടെയിൽ വില 172 രൂപയും. സ്‌കിൻലെസ് ചിക്കന് 284 രൂപയും അല്ലാത്തതിന് 249 രൂപയുമാണ് വില.
ALSO READ: കൊക്കോവില കുത്തനെ താഴേക്ക്; ഒരാഴ്‌ച കൊണ്ട് വില പകുതിയായി, വ്യാപാരികള്‍ക്ക് 'നഷ്‌ട' കച്ചവടം