മുംബൈ: ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 1769 പോയിന്‍റ് ഇടിഞ്ഞു. മൂന്നാഴ്‌ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് വിപണിയെ ഇന്ന് കൂപ്പ് കുത്തിച്ചത്. സംഘര്‍ഷം ഇന്ന വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടാക്കി. എണ്ണ, ബാങ്കിങ്, വാഹന ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്ന പ്രവണതയാണ് ഇന്ന് ദൃശ്യമായത്. ഇതോടെ നിക്ഷേപകര്‍ക്ക് ഒരൊറ്റ ദിവസം കൊണ്ട് 9.78 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
ആഴ്‌ചയിലെ നാലാം പ്രവൃത്തി ദിനമായ ഇന്ന് സെന്‍സെക്‌സ് 1,769.19 പോയിന്‍റ് അതായത് 2.10 ശതമാനം ഇടിഞ്ഞ് 82,497ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെപ്റ്റംബര്‍ 11ന് ശേഷമുണ്ടാകുന്ന ഏറ്റവും താഴ്‌ന്ന നിലയാണിത്. നേരത്തെ വിപണിയില്‍ 1,832.27 പോയിന്‍റ് ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ചെറിയ തോതില്‍ തിരിച്ച് കയറി. 29 കമ്പനികളുടെ ഓഹരികള്‍ക്ക് നഷ്‌ടം സംഭവിച്ചപ്പോള്‍ കേവലം ഒരു കമ്പനിയുടെ ഓഹരികളില്‍ മാത്രമാണ് ഇന്ന് ലാഭമുണ്ടായത്.
ബിഎസ്‌ഇ പട്ടികയിലുള്ള കമ്പനികളില്‍ 9.78 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ദേശീയ സൂചികയായി നിഫ്‌റ്റി 546.80 പോയിന്‍റ് ഇടിഞ്ഞ് 25,250.10ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ദ്ധനയും നിക്ഷേപകരുടെ വികാരത്തെ സ്വാധീനിച്ചുവെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സെന്‍സെക്‌സിലെ മുപ്പത് കമ്പനികളില്‍ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്‍റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, മാരുതി, ബജാജ് ഫിന്‍സെര്‍വ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, അദാനി പോര്‍ട്്സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയ്ക്ക് കനത്ത നഷ്‌ടം നേരിട്ടു. ജെഎസ്ഡബ്ല്യു സ്റ്റീല്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
ഇസ്രയേലില്‍ അറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തുടങ്ങിയതിനെ തുടര്‍ന്നുണ്ടായ യുദ്ധഭീതി ആഭ്യന്തര വിപണിയെ ബാധിച്ചതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ ചൂണ്ടിക്കാട്ടി.
സെബിയുടെ പുത്തന്‍ നിയന്ത്രണങ്ങളും വിപണിയെ സ്വാധീനിച്ചു. ചൈനയിലുണ്ടായ അനുകൂല ഘടകങ്ങള്‍ മൂലം വിദേശ നിക്ഷേപകര്‍ നിക്ഷേപം അങ്ങോട്ടേക്ക് മാറ്റിയതും ഇന്ത്യയില്‍ സമ്മര്‍ദ്ദത്തിലാക്കി.
ബിഎസ്ഇ മിഡ്കാപ് ഓഹരികളില്‍ 2.27 ശതമാനം ഇടിവുണ്ടായപ്പോള്‍ സ്മോള്‍ ക്യാപ് ഓഹരികള്‍ 1.84 ശതമാനം ഇടിഞ്ഞു. റിയല്‍ടി ഓഹരികളില്‍ 4.49ശതമാനം ഇടിവുണ്ടായി. ക്യാപിറ്റല്‍ ഗുഡ്സ് 3.18ശതമാനം, വാഹനം 2.94ശതമാനം, സേവന ഓഹരികളില്‍ 2.87, വ്യവസായം 2075, എണ്ണ, വാതക 2.52ശതമാനം എന്നിങ്ങനെയാണ് നഷ്‌ടം രേഖപ്പെടുത്തിയത്.
മൊത്തം 2,881 ഓഹരികളില്‍ ഇടിവുണ്ടായി. 1,107 എണ്ണം നേട്ടമുണ്ടാക്കി. 88 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
എഷ്യന്‍ വിപണിഹോങ് കോങ് ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ടോക്യോ നേട്ടമുണ്ടാക്കി. ചൈനയില്‍ അവധിയായതിനാല്‍ വിപണിയില്‍ വ്യാപാരമില്ല. യൂറോപ്യന്‍ വിപണികളിലേറെയും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കന്‍ വിപണി നാമമാത്രമായി ഉണര്‍വ് രേഖപ്പെടുത്തി.
Also Read: ഉത്സവങ്ങളില്‍ ആറാടാന്‍ ഇന്ത്യ; പ്രതീക്ഷിക്കുന്നത് 50,000 കോടിയിലധികം രൂപയുടെ ബിസിനസ്