ന്യൂഡൽഹി: ഇന്ത്യയുടെ വിദേശത്തുള്ള സ്വർണശേഖരം അടുത്തിടെ തിരികെ എത്തിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 100 ടൺ സ്വർണശേഖരമാണ് തിരികെ ഇന്ത്യയിലെത്തിച്ചത്. എന്നാൽ വിദേശത്തുള്ള സ്വർണശേഖരത്തിന്‍റെ ഒരു ഭാഗം മാത്രമാണ് തിരികെ കൊണ്ടുവന്നതെന്നാണ് വസ്‌തുത.
ആർബിഐയുടെ 2024 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 308 ടൺ സ്വർണം ഇന്ത്യയിൽ ഇഷ്യൂ ചെയ്‌ത നോട്ടുകളുടെ പിൻബലമായി സൂക്ഷിക്കുന്നുണ്ട്. അതേസമയം 100.28 ടൺ ബാങ്കിങ് വകുപ്പിൻ്റെ ആസ്‌തിയായി പ്രാദേശികമായി സൂക്ഷിക്കുന്നു. മുംബൈയിലും നാഗ്‌പൂരിലുമാണ് അതീവ സുരക്ഷയോടെ പ്രാദേശികമായി സ്വർണം സൂക്ഷിക്കുന്നത്. മൊത്തം സ്വർണശേഖരത്തിൽ 413.79 ടൺ വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്തുകൊണ്ടാണ് സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം സൂക്ഷിക്കുന്നത്?
നിക്ഷേപകർക്കോ നോട്ട് ഉടമകൾക്കോ ട്രേഡിങുകാർക്കോ പണം നൽകാനുള്ള വാഗ്‌ദാനങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ഒരു ഗ്യാരണ്ടിയായും ദേശീയ കറൻസിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്നതിനും ആണ് ദേശീയ സെൻട്രൽ ബാങ്കിൻ്റെ കൈവശമുള്ള സ്വർണശേഖരം. വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ (ഡബ്ല്യുജിസി) കണക്കനുസരിച്ച് 2019-ൽ ഇതുവരെ ഖനനം ചെയ്‌തത് 190,040 മെട്രിക് ടൺ സ്വർണമാണ്. 2017 ഓഗസ്റ്റിലെ കണക്കനുസരിച്ച് ഒരു മെട്രിക് ടൺ സ്വർണത്തിന് ഏകദേശം 40.2 ദശലക്ഷം മില്യൺ ഡോളര്‍ മൂല്യമുണ്ട്. ഇതുവരെ ഖനനം ചെയ്‌ത എല്ലാ സ്വർണത്തിൻ്റെയും മൊത്തം മൂല്യം പരിശോധിക്കുകയാണെങ്കിൽ 7.5 ട്രില്യൺ ഡോളറിലധികം വരും.
ഡബ്ല്യുജിസി പ്രകാരം സ്വർണം വാങ്ങുന്ന മികച്ച അഞ്ച് സെൻട്രൽ ബാങ്കുകളിൽ ആർബിഐയും ഉൾപ്പെടുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കനുസരിച്ച്, 2024 മെയ് 3 വരെയുള്ള കണക്കനുസരിച്ച് പരമാധികാര സ്വർണത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. അതേസമയം യുഎസ് പട്ടികയിൽ ഒന്നാമതാണ്. യുഎസിൻ്റെ സ്വർണശേഖരം 8,133.5 ടൺ ആണ്. മറുവശത്ത്, ഇന്ത്യയുടെ സ്വർണശേഖരം 827.69 ജർമനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, ചൈന, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ എന്നിവയാണ് സ്വർണശേഖരത്തിൻ്റെ കാര്യത്തിൽ ഇന്ത്യയെക്കാൾ മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.
എന്തിനാണ് ആർബിഐ സ്വർണം വിദേശ നിലവറകളിൽ സൂക്ഷിക്കുന്നത്?
മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയും തങ്ങളുടെ സ്വർണ ശേഖരത്തിൻ്റെ ഒരു ഭാഗം വിദേശ നിലവറകളിലാണ് സൂക്ഷിക്കുന്നത്. തന്ത്രപരവും സാമ്പത്തികവും സുരക്ഷാപരവുമായ നിരവധി കാരണങ്ങൾ ഇതിനു പിറകിലുണ്ട്. ലോകമെമ്പാടുമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ സ്വർണ ശേഖരം കൈവശം വയ്ക്കുന്നതിലൂടെ, ഭൗമരാഷ്ട്രീയ അസ്ഥിരതയും, പ്രാദേശിക സംഘട്ടനങ്ങളും ലഘൂകരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ഇന്ത്യക്കുള്ളിൽ മാത്രം സംഭരിച്ചാൽ സ്വർണശേഖരത്തിൻ്റെ സുരക്ഷയെയും പ്രവേശനക്ഷമതയെയും ബാധിക്കാനിടയുണ്ട്.
സ്വർണ വ്യാപാര രംഗത്തെ പ്രധാന കേന്ദ്രങ്ങളും, പ്രധാന സാമ്പത്തിക കേന്ദ്രങ്ങളുമായ ലണ്ടൻ, ന്യൂയോർക്ക്, സൂറിച്ച് എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം അന്താരാഷ്ട്ര ഇടപാടുകൾക്കായി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോർ ഇൻ്റർനാഷണൽ സെറ്റിൽമെൻ്റ് (ബിഐഎസ്) എന്നിവയാണ് രാജ്യത്തെ സ്വർണ ശേഖരത്തിൻ്റെ ഒരു ഭാഗം സംഭരിക്കാനായി ഇന്ത്യ തിരഞ്ഞെടുത്തത്. സ്വർണ ശേഖരത്തിൻ്റെ വിശ്വസ്‌ത സംരക്ഷകൻ എന്ന നിലയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് വലിയ പേരുണ്ട്.
ഇത് തന്നെയാണ് ഇന്ത്യയുടെ കരുതൽ സ്വർണ നിക്ഷേപം അവിടെ സൂക്ഷിക്കാൻ ഇടയാക്കിയത്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമാണ് ബിഐഎസ്. സ്വർണ ശേഖരത്തിൻ്റെ ഒരു ഭാഗം വിദേശ നിലവറകളിൽ സൂക്ഷിക്കാനുള്ള ഇന്ത്യയുടെ തീരുമാനം അതിൻ്റെ സ്വർണ ശേഖരം സമർത്ഥമായി പ്രയോജനപ്പെടുത്താനും, സാമ്പത്തിക പ്രതിരോധശേഷി വളർത്താനും സുസ്ഥിര വളർച്ച ലക്ഷ്യങ്ങൾ സുഗമമാക്കാനും ലക്ഷ്യമിടുന്നതാണ്.
വിദേശത്ത് സ്വർണശേഖരം സൂക്ഷിക്കുന്ന സമ്പ്രദായം രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനും, അതേസമയം ആഗോള സാമ്പത്തിക മേഖലയിൽ ഇന്ത്യയെ ഒരു പ്രധാന ശക്തിയാക്കുന്നതിലും സഹായിക്കുന്നു.