എറണാകുളം : പാക്കറ്റിലാക്കിയ മലബാർ പൊറോട്ടയ്ക്ക് ഇനി അഞ്ച് ശതമാനം മാത്രം ജിഎസ്‌ടി. മലബാർ പൊറോട്ട, ബ്രഡ് അല്ലെങ്കിൽ റൊട്ടിയ്ക്ക് സമാനമെന്നു വ്യക്തമാക്കി കൊണ്ട് ഹൈക്കോടതിയാണ് ജിഎസ്‌ടി ഇളവ് അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം മോഡേൺ ഫുഡ് എന്‍റര്‍പ്രൈസസിന്‍റെ പാക്കറ്റിലാക്കിയ മലബാർ പൊറോട്ട, ഗോതമ്പ് പൊറോട്ട എന്നിവയ്ക്ക് അഞ്ച് ശതമാനം ജിഎസ്‌ടി മാത്രമാണ് ബാധകമാകുക. ഇതോടെ ഈ ഉത്‌പന്നങ്ങളുടെ വില കുറയും.
ഈ രണ്ട് ഉത്‌പന്നങ്ങൾക്കും പതിനെട്ട് ശതമാനം ജിഎസ്‌ടി ചുമത്തിയതിനെതിരെ കമ്പനി നൽകിയ ഹർജി ഭാഗികമായി അനുവദിച്ചാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്‍റെ ഉത്തരവ്. കേരള അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ് ഉത്തരവ് പ്രകാരമായിരുന്നു പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് പതിനെട്ട് ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയത്. കമ്പനി അധികൃതർ എഎആർ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും പതിനെട്ട് ശതമാനം ജിഎസ്‌ടിയിൽ ഇളവ് അനുവദിക്കാന്‍ ആകില്ലെന്നായിരുന്നു നിലപാട്.
തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പാക്കറ്റിലാക്കിയ മലബാർ പൊറോട്ട വീണ്ടും പാകം ചെയ്യേണ്ടതിനാൽ ബ്രഡ് അല്ലെങ്കിൽ റൊട്ടിയുടെ ഗണത്തിൽ പെടുത്തി ജിഎസ്‌ടി ഇളവ് അനുവദിക്കാന്‍ ആകില്ലെന്നായിരുന്നു സിബിഐടിസിയുടെ നിലപാട്. എന്നാൽ ബ്രഡിനു സമാനമായി മലബാർ പൊറോട്ടയേയും കണക്കാക്കാമെന്നു വ്യക്തമാക്കിയ കോടതി അഞ്ച് ശതമാനം ജിഎസ്‌ടി ബാധകമാണെന്ന് ഉത്തരവിട്ടു.