ന്യൂഡല്‍ഹി: രാജ്യത്തെ തുണികളുടെ കയറ്റുമതിയില്‍ മെയ് മാസത്തില്‍ 9.59ശതമാനം വളര്‍ച്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കൊല്ലം ഇതേ മാസത്തില്‍ നിന്നാണ് ഇത്രയും വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ പ്രധാന വിപണികളിലെ സാമ്പത്തിക തിരിച്ചടികള്‍ക്കിടെയാണ് ഈ നേട്ടമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്‌ട്രി(സിറ്റി-CITI)ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ വസ്‌ത്ര കയറ്റുമതിയില്‍ ഇതേ കാലയളവില്‍ 9.84 ശതമാനം വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. തുണി-വസ്‌ത്ര കയറ്റുമതിയില്‍ 2024 മെയില്‍ 9.70 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം കയറ്റുമതി 2024 മെയില്‍ 68.29 ബില്യണ്‍ ഡോളറായി. 10.2 ശതമാനം വര്‍ദ്ധനയാണ് മൊത്തം കയറ്റുമതിയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത്. വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
2024 ഏപ്രില്‍-മെയില്‍ രാജ്യത്തെ തുണി കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.04 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതായി സിറ്റി വിശകലനങ്ങള്‍ പറയുന്നു. വസ്‌ത്ര വിപണിയില്‍ ഇതേ കാലയളവില്‍ 4.46 ശതമാനം വര്‍ദ്ധനയുണ്ടായി.
ഇലക്‌ട്രോണിക് ചരക്കുകള്‍, മരുന്നുകള്‍, ജൈവ, അജൈവ രാസവസ്‌തുക്കള്‍, എന്‍ജിനീയറിങ്ങ് സാമഗ്രികള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലും മികച്ച പ്രകടനമാണ് ഉണ്ടായിട്ടുള്ളത്. ഇലക്‌ട്രോണിക് സാധനങ്ങളുടെ കയറ്റുമതിയില്‍ 22.97ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഉത്പാദന മേഖല ഇന്ത്യയുടെ കയറ്റുമതിയില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. അത് പോലെ തന്നെ പെട്രോളിയം ഉത്പന്നങ്ങളും(15.75ശതമാനം) എന്‍ജിനീയറിങ്ങ് ചരക്കുകളും(7.39ശതമാനം) കയറ്റുമതി നിരക്ക് വര്‍ദ്ധിപ്പിച്ചു.
ഇന്ത്യന്‍ കയറ്റുമതി രംഗത്ത് ശുഭസൂചനകളാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് അശ്വനി കുമാര്‍ ചൂണ്ടിക്കാട്ടി. അമേരിക്ക, യുഎഇ, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടന്‍, ചൈന, സിംഗപ്പൂര്‍, സൗദി അറേബ്യ, ബംഗ്ലാദേശ്, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണികള്‍. ഇവിടങ്ങളിലേക്കുള്ള കയറ്റുമതി ഇരട്ടയക്കം കടന്നു.
രാജ്യത്തെ മൊത്തം വാണിജ്യ കയറ്റുമതി9.1ശതമാനം കുതിച്ച് 38.13 ബില്യണ്‍ അമേരിക്കന്‍ ഡോളറിലെത്തി. സേവന കയറ്റുമതി 11.7ശതമാനമുയര്‍ന്ന് 30.16ബില്യണ്‍ ഡോളറുമായി.