ന്യൂഡല്‍ഹി : മാലദ്വീപ് അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഉള്ളിയുടെ കയറ്റുമതി തുടരും. മാര്‍ച്ച് 31വരെയുള്ള കയറ്റുമതി നിരോധനത്തില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഉള്ളിയുടെ വിലക്കയറ്റവും ഇസ്‌ലാം മത വിശ്വാസികള്‍ വ്രതമെടുക്കുന്ന റമദാന്‍ മാസത്തിന്‍റെ വരവും കണക്കിലെടുത്താണ് നടപടി.
മാലദ്വീപിനൊപ്പം ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, മൗറീഷ്യസ്, ബഹ്‌റൈൻ എന്നീ ആറ് രാജ്യങ്ങളിലേക്കും ഉള്ളിയുടെ കയറ്റുമതി തുടരാനാണ് തീരുമാനം. 2023 ഡിസംബറിലാണ് വിദേശ രാജ്യങ്ങളിലേക്കുള്ള ഉള്ളിയുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നതും മോശം കാലാവസ്ഥ കാരണം വിളകള്‍ കുറവായതുമാണ് കയറ്റുമതി നിരോധിക്കാന്‍ കാരണം.
ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും മാലദ്വീപിനെ ഒഴിവാക്കിയതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ പ്രസിഡന്‍റ് മുഹമ്മദ് മുയിസു (Maldives President Mohamed Muizzu) ഇന്ത്യയുമായി തുടരുന്ന ബന്ധത്തിന്‍റെ പുറത്താണ് വീണ്ടും കയറ്റുമതി അനുമതി നല്‍കിയത്. മാലദ്വീപിലെത്തുന്ന ഉള്ളിയുടെ ഏകദേശം 90 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്.
മാലദ്വീപിലേക്ക് കുറഞ്ഞ നിരക്കില്‍ ഉള്ളി ഉള്‍പ്പെടെയുള്ളവ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുമായുള്ള കരാര്‍ മാര്‍ച്ചില്‍ അവസാനിക്കുമെന്നും സമീപകാലത്ത് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും മാലദ്വീപിലേക്കുള്ള ഉള്ളി കയറ്റുമതി ഒരു പ്രത്യേക കരാറിന് കീഴിലാണ് നടക്കുന്നതെന്നും അത് തടസമില്ലാതെ തുടരുമെന്നും മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. അരി, പഞ്ചസാര, ഗോതമ്പ് മാവ്, ഉള്ളി, ഉരുളക്കിഴങ്ങ്, മുട്ട, പരിപ്പ് തുടങ്ങിയ അവശ്യ വസ്‌തുക്കളെല്ലാം ഇതേ കരാറിന് കീഴിലുള്ളതാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അവശ്യ ഭക്ഷ്യ വിതരണത്തിനായി മാലിദ്വീപ് ഇന്ത്യയെ അമിതമായി ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിന് തുര്‍ക്കിയുമായി ഒരു പുതിയ കരാറില്‍ ഒപ്പുവയ്‌ക്കുമെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുയിസു നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല ഉള്ളി, ഉരുളക്കിഴങ്ങ്, മുട്ട എന്നിവ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുയിസു വ്യക്തമാക്കിയിരുന്നു.
നിരോധനം നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ: ഉള്ളിയുടെ കയറ്റുമതി നിരോധനം മാര്‍ച്ച് 31 വരെ നീട്ടുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍. ആഭ്യന്തര വില കുത്തനെ ഉയര്‍ന്നത് കാരണമാണ് ഉള്ളി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കയറ്റുമതി നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്നും മാര്‍ച്ച് 31 വരെ തത്‌സ്ഥിതി തുടരുമെന്നും ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ നിരോധനത്തിന് ഇളവ് പ്രഖ്യാപിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം.