ന്യൂഡൽഹി : 2023-24 വർഷത്തേക്ക് ജീവനക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട് (provident fund) പലിശ നിരക്ക് 8.25 ശതമാനമായി ഉയർത്തി എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ/EPFO). 2021-2022ൽ 8.10 ശതമാനമായിരുന്ന പലിശ നിരക്ക് 2023 മാർച്ചിൽ (2022-23) 8.15 ശതമാനമായി ഉയർത്തിയിരുന്നു. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിൻ്റെ അധ്യക്ഷതയിൽ ഇന്ന് നടന്ന ഇപിഎഫ്ഒ - സിബിടിയുടെ (സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെ) 235-ാമത് യോഗത്തിലാണ് പലിശ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് തൊഴിൽ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു.
ഈ പലിശ നിരക്ക് ധനമന്ത്രാലയത്തിൻ്റെ അംഗീകാരത്തിന് ശേഷം സർക്കാർ ഗസറ്റിൽ ഔദ്യോഗികമായി അറിയിക്കും. 2018-19ൽ 8.65 ശതമാനമായിരുന്ന പലിശ നിരക്കാണ് 2019-20ൽ 8.5 ശതമാനമാക്കി കുറച്ചത്. മുൻപത്തെ ഏഴ് വർഷത്തെ കണക്കെടുത്താൽ ഏറ്റവും താഴ്ന്ന പലിശ നിരക്കായിരുന്നു 2019-20ലേത്.
2016-17 - 8.65 %, 2017-18 - 8.55%, എന്നിങ്ങനെയായിരുന്നു നിരക്ക്. 2015 - 16 - 8.8, 2013 - 14, 2014 - 15 - 8.75, 2012 - 13 - 8.5, 2011 - 12 - 8.25 എന്നിങ്ങനെയുമായിരുന്നു പലിശ നിരക്ക്. വരിക്കാർക്ക് ലഭ്യമായ മറ്റ് നിക്ഷേപ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇപിഎഫ്ഒ വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക് കൂടുതലാണ്.