ബെംഗളൂരു : കേംപെഗൗഡ വിമാനത്താവളത്തില്‍ പ്രവേശനം നിരോധിച്ച മേഖലയില്‍ നിന്ന് വീഡിയോ പകര്‍ത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. യലഹങ്ക സ്വദേശിയായ വികാസ് ഗൗഡയെയാണ് കേംപെഗൗഡ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്. വികാസ് നിയമ വിരുദ്ധമായി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
'യലഹങ്ക സ്വദേശിയായ യൂട്യൂബര്‍ വികാസ് ഗൗഡ വിമാനത്താവളത്തില്‍ എത്തിയത് അനധികൃതമായാണ്. ട്രാവല്‍ ടിക്കറ്റോ ഫ്ലൈറ്റ് ടിക്കറ്റോ ഇല്ലാതെ ഇയാള്‍ റണ്‍വേയ്‌ക്ക് സമീപം 24 മണിക്കൂര്‍ ചെലവഴിച്ചു. ഇതിന് പുറമെ എയര്‍പോര്‍ട്ട് ടെര്‍മിനലിലും റണ്‍വേയിലുമായി വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തു. ചിത്രീകരിച്ച വീഡിയോ ഇയാളുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്' -നോര്‍ത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്‌മി പ്രസാദ് പറഞ്ഞു.
'സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ പരാതിയിലാണ് വികാസ് ഗൗഡയെ അറസ്റ്റ് ചെയ്‌തത്. നിരോധിത മേഖലയില്‍ അതിക്രമിച്ച് കടക്കല്‍, തെറ്റായ പ്രചരണം നടത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്‌ത എയര്‍പോര്‍ട്ട് വീഡിയോ ഇയാള്‍ ഡിലിറ്റ് ചെയ്‌തിട്ടുണ്ട്. ഷൂട്ട് ചെയ്‌ത വീഡിയോയും ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണവും മൊബൈലും പൊലീസ് പിടിച്ചെടുത്തു' -ഡിസിപി കൂട്ടിച്ചേര്‍ത്തു.
Also Read: പാമ്പിന്‍വിഷം ഉപയോഗിച്ച് ലഹരി പാര്‍ട്ടി : യൂട്യൂബറും ബിഗ് ബോസ് ജേതാവുമായ എൽവിഷ് യാദവ് അറസ്റ്റില്‍