ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെ ബന്ധുവിന്‍റെ വെടിയേറ്റ് യുവാവ് മരിച്ചു. ജലാലാബാദ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഷക്കീല്‍ ഖാന്‍റെ ഭാര്യ സഹോദരന്‍ നിഹാല്‍ ഖാനാണ് (35) കൊല്ലപ്പെട്ടത്. ഷക്കീല്‍ ഖാന്‍റെ സഹോദരന്‍ കാമിലാണ് നിഹാലിന് നേരെ നിറയൊഴിച്ചത് (Youth Shot Dead In UP).
സംഭവത്തിന് പിന്നാലെ കാമില്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ബുധനാഴ്‌ച (ഫെബ്രുവരി 21) രാത്രി 10 മണിക്കാണ് കേസിനാസ്‌പദമായ സംഭവം. ഷാജഹാൻപൂരിലെ ഒരു ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
കുടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നിഹാല്‍. വിവാഹത്തിലെ കാറ്ററിങ്ങിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. തര്‍ക്കത്തിനിടെ രോഷാകുലനായ ഖാമില്‍ തന്‍റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് നിഹാലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ നിഹാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തിന് പിന്നാലെ കാമില്‍ ഒളിവില്‍ പോയി. വിവരം അറിഞ്ഞ് ജലാലാബാദ് പൊലീസ് സ്ഥലത്തെത്തി. കാമിലിനെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാണെന്നും കാമിലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.