ബെംഗളൂരു : പൈപ്പ് ലൈനിനായി നിര്‍മിച്ച കുഴിയിൽ ബൈക്ക് മറിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. ബെംഗളൂരു കെങ്കേരിക്ക് സമീപം കൊമ്മഘട്ട സർക്കിളിൽ ഇന്നലെ രാത്രിയാണ് സംഭവം. ജെെജ നഗറില്‍ താമസിക്കുന്ന സദ്ദാം ഹുസൈൻ (20) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഗുരുതര പരിക്കുകളോടെ രക്ഷപെട്ടു.
സദ്ദാം ഹുസൈനും സുഹൃത്തുക്കളായ ഉംറാൻ പാഷ, മുബാറക് പാഷ എന്നിവരും ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം നടന്നത്. കൊമ്മഘട്ടയ്ക്ക് സമീപം പൈപ്പ് ലൈൻ പണിക്കായി ജലബോർഡ് കുഴിച്ച 10 അടി താഴ്‌ചയുള്ള കുഴിയിലേക്ക് ബൈക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
പൈപ്പ് ലൈൻ പണി നടക്കുന്നിടത്ത് ബാരിക്കേഡോ സൈൻ ബോർഡോ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തില്‍ കെങ്കേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് വെസ്‌റ്റ് ഡിവിഷൻ ഡിസിപി അനിത ബി ഹദ്ദന്നവർ അറിയിച്ചു. ഒരു വർഷം മുമ്പ് ഇതേ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലിക്കിടെ, ഉല്ല തടാകത്തിന് സമീപം ഒരു തൊഴിലാളിയും മരിച്ചിരുന്നു.