ബെംഗളൂരു : റോഡരികിൽ കിടന്നുറങ്ങിയവരെ മദ്യലഹരിയിൽ തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബെംഗളൂരു ബനശങ്കരി പൊലീസ് അറസ്റ്റ് ചെയ്‌തു. ഒരാഴ്‌ചയ്ക്കിടെ രണ്ട് പേരെ കൊലപ്പെടുത്തിയ പ്രതി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മെയ് 12 ന് ജയനഗർ ഏഴാം സ്‌റ്റേജിൽ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന ആളെ തലയിൽ കല്ല് കൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതി ഗിരീഷ് മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ബനശങ്കരി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. പിന്നീട് മെയ് 18 ന് സിറ്റി മാർക്കറ്റിന് പിന്നിലെ കോംപ്ലക്‌സിൽ ഉറങ്ങുകയായിരുന്ന ഒരാളെ അതേ മാതൃകയിൽ തന്നെ തലയിൽ കല്ല് കൊണ്ടടിച്ച് കൊലപ്പെടുത്തി. ഈ കൊലപാതകവും ഗിരീഷ് തന്നെ ചെയ്‌തതാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ സിറ്റി മാർക്കറ്റ് പൊലീസ് കേസെടുത്തിരുന്നു. കൊലപാതകം നടത്തിയ പ്രതിക്കായി ഇരു സ്‌റ്റേഷനുകളിലെയും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. നിലവിൽ ബനശങ്കരി പൊലീസ് പ്രതി ഗിരീഷിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Also Read : ആട് മേയ്ക്കാന്‍ പോയ സ്‌ത്രീയെ കടുവ കടിച്ചു കൊന്നു