ഛത്രപതി സംഭാജിനഗര്‍: മറാത്ത സംവരണ പ്രക്ഷോഭം അടിച്ചമർത്തുന്നത് നിർത്താൻ പ്രധാനമന്ത്രിക്കും മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കും ഇ മെയിലുകള്‍ അയക്കാന്‍ മറാത്ത സംവരണ പ്രക്ഷോഭകരോട് ആഹ്വാനം ചെയ്‌ത് മറാത്ത നേതാവ് മനോജ് ജാരങ്കെ(Manoj Jarange). താന്‍ അറസ്റ്റിലാകുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ജാരങ്കെ ഇ മെയിലുകള്‍ അയക്കാന്‍ അഹ്വാനം ചെയ്‌തത്. ഞായറാഴ്‌ച, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചതിന് പിന്നാലെ അദ്ദേഹത്തിന് നേരെ വിമർശനം ഉയര്‍ന്നിരുന്നു. ജാരങ്കെയുടെ ആരോപണത്തിന്മേല്‍ അന്വേഷണം ആരംഭിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സ്‌പീക്കര്‍ ചൊവ്വാഴ്‌ച സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സംവരണ വിജ്ഞാപനം നടപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നതിനിടെ ജാരങ്കെ സംസ്ഥാന സർക്കാരിനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. യോഗ്യരായ കുന്‍ബി മറാത്തകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
"ഇവിടെ സ്വേച്ഛാധിപത്യമാണ് നടക്കുന്നത്. ബ്രിട്ടീഷുകാർ പോലും ഇത് ചെയ്‌തിരുന്നില്ല. ഞാൻ പറയുന്നത് ദേവേന്ദ്ര ഫഡ്‌നാവിസിനെ കുറിച്ചാണ്. ഫട്‌നാവിസിന്‍റെ പാര്‍ട്ടി നേതാക്കള്‍ യാഥാര്‍ത്ഥ മറാഠികളാണെങ്കിൽ, അവർ അവരുടെ നേതാവുമായി സംസാരിച്ച് സംവരണം നടപ്പാക്കാൻ ആവശ്യപ്പെടുമായിരുന്നു. അവർ എന്നെ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്ന് എനിക്കറിയാം. എന്നാൽ സമരക്കാര്‍ ശാന്തരായി ,സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് നോക്കണം." -ജാരങ്കെ പറഞ്ഞു.
നിരാഹാര സമരം അവസാനിപ്പിച്ച് ഛത്രപതി സംഭാജി നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുവേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിൽ പോയാലും, മറാത്തികളുടെ സംവരണം നല്‍കണമെന്നും മറാത്താ സമുദായാംഗങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നുമുള്ള തന്‍റെ ആവശ്യത്തില്‍ ഉറച്ചു നിൽക്കുമെന്നും ജാരങ്കെ പറഞ്ഞു.
മറാത്ത സമുദായക്കാര്‍ ശാന്തരാകാനും രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് മറാത്ത സംവരണ പ്രക്ഷോഭം അടിച്ചമർത്തുന്നത് നിർത്താൻ ആവശ്യപ്പെട്ടു കൊണ്ട് ഇമെയിലുകൾ അയക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
മറാത്ത സമുദായത്തെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള മഹാരാഷ്ട്ര നിയമസഭയുടെ തീരുമാനത്തിലുള്ള എതിർപ്പ് ജാരങ്കെ ആവർത്തിച്ചു. ജാരങ്കെയുടെ ഉദ്ദേശ്യമെന്താണെന്ന് ചോദിച്ച മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, അദ്ദേഹം ആവശ്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും വിമര്‍ശിച്ചു. അതേ സമയം, ജാരങ്കെയുടെ പ്രസ്‌താവനകൾക്ക് പിന്നിൽ താനാണെന്ന ബി.ജെ.പിയുടെ ആരോപണം ബാലിശമാണെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ പ്രതികരിച്ചു.
Also Read: 'മനോജ് ജരാങ്കെയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം'; വച്ചുപൊറുപ്പിക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്