ബെഗുസാരായി (ബിഹാർ): 25 കാരിയായ യുവതിയ്‌ക്കും പിതാവിനും സഹോദരനും നേരെ ഭര്‍ത്തൃപിതാവ് നിറയൊഴിച്ചു. സാഹേബ്‌പൂര്‍ കമാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിഷ്‌ണുപൂർ അഹുക് ഗ്രാമത്തിലാണ് സംഭവം. നീലു കുമാരി (25), പിതാവ് ഉമേഷ് യാദവ്, സഹോദരൻ രാജേഷ് യാദവ് എന്നിവരാണ് മരിച്ചത്. ഇവർ ബെഗുസരായ് ജില്ലയിലെ ശ്രീനഗർ സ്വദേശികളാണ്.
ശനിയാഴ്‌ച വൈകുന്നേരം ഉമേഷ് യാദവും മകനും നീലു കുമാരിയുടെ ഭര്‍ത്തൃ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം. ഭര്‍ത്തൃപിതാവുമായുണ്ടായ തര്‍ക്കത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നും അവർ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ച സാഹേബ്‌പൂർ കമാൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദീപക് കുമാർ പറഞ്ഞു. പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു, ഇയാളെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
യുവാവിന്‍റെ ഇഷ്‌ട്ടത്തിന് വിരുദ്ധമായി നടന്ന വിവാഹമായിരുന്നു. അതിനാല്‍ തന്നെ വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ഭര്‍ത്തൃഗ്രഹത്തില്‍ കയറ്റിയിരുന്നില്ലെന്നും 'പകടുവ ഷാദി'യാണിതെന്നും ഗ്രാമ തലവന്‍ സുബോധ് കുമാർ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.