ലക്‌നൗ: ഉത്തർപ്രദേശിൽ യുവതിക്ക് നേരെ ബലാത്സംഗ ശ്രമം നടന്നതായി പരാതി. ആഗ്രയിലെ ഖന്ദൗലിയിലാണ് സംഭവം. പ്രതികൾ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിന്‍റെ വിരോധത്തിലാണ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് യുവതിയുടെ ആരോപണം. പ്രതിഷേധ സൂചകമായി തന്‍റെ കൃഷിയിടം പ്രതികൾ ചേർന്ന് തട്ടിയെടുത്തതായും വീടിന് നേരെ ആക്രമണമുണ്ടായതായും യുവതി ആരോപിച്ചു.
ഏപ്രിൽ 7നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ പ്രതികളായ 25 പേർക്കെതിരെ കേസെടുത്തതായി ഖണ്ഡൗലി പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാജീവ് സോളങ്കി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഗ്രാമത്തിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ഞാനും കുടുംബവും മാത്രമാണ്. രണ്ട് മാസം മുമ്പ് ഗ്രാമവാസിയായ ചന്ദ്രഭൻ സിങ് എന്നയാൾ ഇരുപതോളം ഗ്രാമവാസികളുമായി എന്‍റെ വീട്ടിലെത്തി മതം മാറാൻ ആവശ്യപ്പെട്ടിരുന്നു. അവർ സമ്മർദ്ദം ചെലുത്തിയെങ്കിലും ഞാൻ നിഷേധിച്ചു. ഇതിന്‍റെ വിരോധത്തിൽ ഗ്രാമവാസികൾ ചേർന്ന് ഞങ്ങളുടെ കൃഷിയിടം അനധികൃതമായി കൈക്കലാക്കി. തുടർന്ന് ഞാൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ ഇതിന്‍റെ വിരോധത്തിൽ ഏപ്രിൽ ഏഴിന് ചന്ദ്രഭൻ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു, ബഹലമുണ്ടാക്കിയപ്പോൾ അയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് മറ്റ് ഗ്രാമവാസികളെയും കൂട്ടി വീടിനുള്ളിൽ കയറി വന്ന് ആക്രമിക്കുകയായിരുന്നു". യുവതിയുടെ വാക്കുകളിങ്ങനെ. തന്നെ ആക്രമിച്ചത് തടയാൻ ശ്രമിച്ച സഹോദരങ്ങളെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതായും യുവതി പറഞ്ഞു.
Also Read: വീട്ടില്‍ അതിക്രമിച്ചു കയറി 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ