ലഖ്‌നൗ: വിമാനത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നത് തടഞ്ഞ സുരക്ഷ ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേല്‍പ്പിച്ച് യാത്രക്കാരി. ലഖ്‌നൗവിലെ ചൗധരി ചരൺ സിങ് എയർപോർട്ടിൽ ഇന്ന് (ജൂണ്‍ 18) വൈകിട്ടാണ് സംഭവം. ആകാശ എയർ വിമാനത്തിൽ മുംബൈയിലേക്ക് പോകാനിരുന്ന ആഗ്ര സ്വദേശിനി തൻവിയാണ് ഉദ്യേഗസ്ഥനെ ആക്രമിച്ചത്. സെക്യൂരിറ്റി സ്റ്റാഫ് ജയ് പാണ്ഡെയ്‌ക്കാണ് പരിക്കേറ്റത്.
സഹയാത്രികരോടും ജീവനക്കാരോടും മോശമായി പെരുമാറിയതിനെ തുടർന്ന് വിമാനത്തില്‍ നിന്നും തൻവിയെ ഇറക്കിവിട്ടിരുന്നു. തുടർന്ന് വിമാനത്തിനകത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച യുവതിയെ സുരക്ഷ ഉദ്യോഗസ്ഥനായ ജയ് പാണ്ഡെ തടയുകയായിരുന്നു. ഇതിനിടെ ജയ് പാണ്ഡെയുടെ കയ്യിൽ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു യുവതി.
സംഭവത്തിൽ സരോജിനി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. തൻവി തന്‍റെ കൈ കടിച്ച് പരിക്കേൽപ്പിച്ചെന്നും സഹയാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്നും സെക്യൂരിറ്റി സ്റ്റാഫ് ജയ് പാണ്ഡെ പരാതി നൽകിയതായി സരോജിനി നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശൈലേന്ദ്ര ഗിരി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഗിരി പറഞ്ഞു.
Also Read:ഗുജറാത്തിലെ വഡോദര, ബിഹാറിലെ പാറ്റ്ന അടക്കം രാജ്യത്തെ 42 വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണി