മൈസൂരു (കർണാടക) : ജെഡി(എസ്) ഹാസൻ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന കേസില്‍ വിശ്വാസമുണ്ടെന്നും കേസ് സിബിഐക്ക് വിടില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. മൈസൂരു വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയാണ്, ഞങ്ങളുടെ പൊലീസിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, അവർ നിഷ്‌പക്ഷമായി അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കും, ഈ കേസിന്‍റെ അന്വേഷണത്തിൽ ഞങ്ങൾ പങ്കെടുത്തിട്ടില്ല.
കേസിൽ രാജ്യാന്തര ബന്ധമുണ്ടെന്ന വാർത്ത ശരിയല്ല. കേസ് സിബിഐക്ക് വിടണമെന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളും ദേവഗൗഡയും സിബിഐയെക്കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് നൽകിയിരുന്നത്. ഇപ്പോൾ അവർ പ്രജ്വല്‍ രേവണ്ണ കേസ് സിബിഐക്ക് വിടാൻ പറയുന്നു. എന്താണ് ഇതിന്‍റെ അർഥം?' സിദ്ധരാമയ്യ ചോദിച്ചു.
'പണ്ട് ഞങ്ങൾ ലോട്ടറി കേസും ഐഎഎസ് ഓഫിസർ ഡികെ രവി ആത്മഹത്യ കേസും സിബിഐക്ക് നൽകിയിരുന്നു. എന്നാൽ ഈ കേസിൽ ആരെയാണ് ശിക്ഷിച്ചത്?. എച്ച്‌ഡി രേവണ്ണയ്‌ക്കെതിരെ കേസില്ലെങ്കിൽ എന്തിനാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്, കുറ്റം ചെയ്‌തിട്ടില്ലെങ്കിൽ എന്തിനാണ് ജാമ്യാപേക്ഷ തള്ളിയത്?' -സിദ്ധരാമയ്യ ചോദ്യമുയര്‍ത്തി.
ALSO READ: ലൈഗിംകാതിക്രമക്കേസ്; രേവണ്ണയെ 7 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു