ന്യൂഡല്‍ഹി: ഭാര്യ ആത്മഹത്യ ചെയ്‌ത കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഭര്‍ത്താവ് 30 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം നടത്തേണ്ടിവന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സുപ്രീം കോടതി. നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ തന്നെ ഒരു ശിക്ഷയാണെന്ന് കോടതി പറഞ്ഞു. ഭാര്യയുടെ ആത്മഹത്യ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ ഭര്‍ത്താവില്‍ നിന്നും പീഡനം ഏറ്റിരുന്നുവെന്ന കാര്യം പര്യാപ്‌തമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഭാര്യ ആത്മഹത്യ ചെയ്‌ത കേസില്‍ നരേഷ് കുമാർ എന്ന യുവാവിനെതിരെയുള്ള കേസിലാണ് സുപ്രീംകോടതി ഖേദം പ്രകടിപ്പിച്ചത്. ജസ്റ്റിസുമാരായ ജെബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുറ്റാരോപിതനായ ഭര്‍ത്താവിനെതിരെ കൃത്യമായ തെളിവുകളില്ലാത്തത് കൊണ്ട് തന്നെ ഇയാള്‍ കുറ്റക്കാരനാണെന്ന് അനുമാനിക്കാന്‍ സാധിക്കില്ല.
ദാമ്പത്യ ജീവിതത്തില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരാളെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. നിയമപരമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ കുറ്റം നിർണയിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ആറ് മാസം പ്രായമായ കുഞ്ഞിനെ ഉപക്ഷിച്ചാണ് യുവതി ആത്മഹത്യ ചെയ്‌തത്. 1993 മുതല്‍ കുറ്റാരോപിതനായ ഭര്‍ത്താവ് നിരപരാധിത്വം തെളിയിക്കാന്‍ നിയമ പോരാട്ടം തുടരുകയാണ്. കേസില്‍ അനിവാര്യമായ ഒരു നിഗമനത്തിലെത്താന്‍ 10 മിനിറ്റ് പോലും വേണ്ടിവന്നില്ലെന്നും കോടതിക്ക് പറഞ്ഞു. കേസില്‍ കുറ്റാരോപിതനായ വ്യക്തിയുടെ നിയമ പോരാട്ടം 2024ല്‍ അവസാനിക്കുകയാണ്. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് മറ്റ് കാരണങ്ങളായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
പഞ്ചാബ്, ഹരിയാന ഹൈക്കോടതികളെ സമീപിച്ചിട്ടും നീതി ലഭിക്കാത്തതിന് പിന്നാലെയാണ് കുറ്റാരോപിതനായ നരേഷ് കുമാർ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായെത്തിയത്. കേസില്‍ നരേഷ് കുമാറിനെതിരെ തക്കതായ തെളിവുകള്‍ ഇല്ലാത്തത് കൊണ്ട് കുറ്റക്കാരനാണെന്ന് വിധിക്കാന്‍ സാധിക്കില്ലെന്നും യുവാവിനെ ശിക്ഷിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.