ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുമ്പോൾ ബിജെപിയുടെ പുതിയ അമരക്കാരൻ ആരാകുമെന്ന ചർച്ച സജീവമാകുന്നു. നിലവിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷനായ ജെ പി നദ്ദ മോദി മന്ത്രിസഭയിലെ നാലാമനായി സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ അധ്യക്ഷ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് മന്ത്രിപദം ഏറ്റെടുക്കുന്നത്. ഈ സാഹചര്യത്തിൽ ഇനിയാര് പാർട്ടിയെ നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
നദ്ദയുടെ പിൻഗാമിയായി പറഞ്ഞുകേട്ടിരുന്ന നേതാക്കളെല്ലാം കേന്ദ്ര മന്ത്രിസഭയിൽ ഇടം പിടിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആയിരുന്നു ദേശീയ അധ്യക്ഷനാകാന്‍ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തെക്കൂടാതെ പ്രഹ്ളാദ് ജോഷി, ധർമേന്ദ്ര പ്രധാൻ, തുടങ്ങിയ മുതിര്‍ന്ന നേതാക്കൾക്കും സാധ്യത നിലനിന്നിരുന്നു. എന്നാൽ ഇവരെല്ലാം കേന്ദ്രമന്ത്രിമാരായ സാഹചര്യത്തിൽ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാൾ വരാനുള്ള സാധ്യതയാണ് തെളിയുന്നത്
മുന്‍ പാര്‍ട്ടി അധ്യക്ഷന്മാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, രാജ്‌നാഥ് സിങ്, എന്നിവരും ഇക്കുറി ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തുകഴിഞ്ഞു. മുതിർന്ന അംഗങ്ങളെല്ലാം കേന്ദ്രമന്ത്രിമാരായതോടെ യുവ നേതാക്കൾ പാർട്ടി അധ്യക്ഷ സ്ഥാനത്തെത്തുമോ എന്ന ചർച്ചയും ഉയരുന്നുണ്ട്. മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ തുടങ്ങിയ യുവ നേതാക്കളുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.
Also Read: പഴയ എസ്‌എഫ്ഐ നേതാവ് ഇന്ന് ബിജെപി കേന്ദ്രമന്ത്രി; സുരേഷ് ഗോപി നടന്നുകയറിയ വഴികൾ