കോട്ട : പശ്ചിമ ബംഗാളിൽ നിന്ന് കോച്ചിങ്ങിനായെത്തിയ വിദ്യാർഥി, ഹോസ്റ്റൽ നടത്തിപ്പുകാരനെ അറിയിക്കാതെ നാട്ടിലേക്ക് മടങ്ങി. ഇയാളെ കാണാതായ വിവരം പൊലീസിൽ അറിയിച്ചെങ്കിലും വീട്ടുകാർ ഇതുവരെ പരാതി നൽകിയിട്ടില്ല. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ശേഷം മാത്രമേ വീട്ടിലേക്ക് വരൂ എന്ന് വിദ്യാർഥി പിതാവിന് സന്ദേശം അയച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ഥിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കളാരും കോട്ട പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്‌പൂർ ജില്ലയിലാണ് വിദ്യാർഥി.
മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റി'നായി തയ്യാറെടുക്കാൻ വിദ്യാർഥി മെയ് 2 ന് കോട്ടയിൽ വന്നിരുന്നു. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനവും നേടി. ഇതിനുശേഷം അധികകാലം വിദ്യാര്‍ഥി കോച്ചിങ്ങിന് പോയില്ല. മെയ് 31ന് കോച്ചിങ്ങിന് പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ ഇയാൾ പിന്നീട് തിരിച്ചെത്തിയില്ല.
ജൂൺ മൂന്നിന് ഇയാളെ കാണാതായ വിവരം ഹോസ്റ്റൽ നടത്തിപ്പുകാരൻ പൊലീസില്‍ അറിയിച്ചു. ഇതനുസരിച്ച്, പൊലീസ് വിദ്യാർഥിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തി. വിദ്യാര്‍ഥിയുടെ ഗ്രാമത്തിന് സമീപമുള്ള, പശ്ചിമ ബംഗാളിലെ ഇസ്ലാംപൂറിലാണ് ഉള്ളതെന്ന് പൊലീസ് പിതാവിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വിദ്യാര്‍ഥിയെ കാണാതായതില്‍ ആരും തങ്ങൾക്ക് പരാതി നൽകിയിട്ടില്ലെന്ന് വിജ്ഞാൻ നഗർ പൊലീസ് സ്റ്റേഷൻ ഓഫിസർ സതീഷ് ചന്ദ്ര പറഞ്ഞു. കുട്ടി പശ്ചിമ ബംഗാളിലാണെന്നും ഫോൺ ഓണാക്കുമ്പോഴെല്ലാം കുടുംബാംഗങ്ങളുമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: റാഗിങ്ങില്‍ നടപടി; നാല് മെഡിക്കല്‍ വിദ്യാര്‍ഥികളെ പുറത്താക്കി