കൊൽക്കത്ത : ഗവർണർ സിവി ആനന്ദ ബോസിനെതിരെ പീഡനാരോപണം ഉന്നയിച്ച രാജ്ഭവനിലെ വനിത ജീവനക്കാരി നീതി തേടി രാഷ്‌ട്രപതി ദ്രൗപതി മുർമുവിനരികിലേക്ക്. സംഭവത്തിൽ രാഷ്‌ട്രപതിയുടെ ഇടപെടൽ തേടുമെന്ന് പരാതിക്കാരി പറഞ്ഞു. തന്‍റെ വ്യക്തിത്വം മറച്ചുവക്കാതെ രാജ്ഭവനിലെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾ പുറത്തുവിട്ടതിലും യുവതി അതൃപ്‌തി രേഖപ്പെടുത്തി.
കരാർ തൊഴിലാളിയായ സ്‌ത്രീയുടെ പരാതിയെ തുടർന്ന് വ്യാഴാഴ്‌ച രാജ്ഭവൻ ഒരു മണിക്കൂറും 20 മിനിറ്റും ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. രാജ്ഭവൻ പുറത്തുവിട്ട എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളിൽ തന്‍റെ മുഖം മറയ്ക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.
ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണം ഉള്ളതിനാൽ കൊൽക്കത്ത പൊലീസിൽ വലിയ പ്രതീക്ഷ വയ്ക്കാൻ കഴിയില്ലെന്ന് യുവതി പറഞ്ഞു. കടുത്ത വിഷാദത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും രാഷ്‌ട്രപതിക്ക് കത്തെഴുതിയാൽ മാത്രമേ നീതി ലഭിക്കൂവെന്നും ജീവനക്കാരി പറഞ്ഞു.
'ഭരണഘടനാപരമായ സംരക്ഷണം ലഭിക്കുന്നതിനാല്‍ നിലവിലെ ഗവർണർക്ക് ഒന്നും സംഭവിക്കില്ലെന്ന് എനിക്കറിയാം. എന്നാൽ അദ്ദേഹം ചെയ്‌ത കുറ്റത്തിന്‍റെ കാര്യമോ? രാഷ്‌ട്രപതിക്ക് കത്തെഴുതാനും അവരുടെ ഇടപെടൽ തേടാനും ഞാൻ തീരുമാനിച്ചു. ഞാൻ അവർക്ക് എഴുതുന്നത് നീതി ലഭിക്കാനാണ്, അല്ലാതെ ഒന്നിനും വേണ്ടിയല്ലെ'ന്നും അതിജീവിത പറഞ്ഞു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, പ്രധാനമന്ത്രി രാജ്ഭവനിലുണ്ടാകേണ്ട ദിവസമാണ് സംഭവം നടന്നതെന്ന് പരാതിക്കാരി പറഞ്ഞു. 'ഞാൻ വേദനയിലും പ്രതിഷേധത്തിലും ആയിരിക്കുമ്പോൾ, പ്രധാനമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ എൻ്റെ വേദന കണ്ടു. അവർ പ്രധാനമന്ത്രി മോദിയെ അറിയിച്ചു. പക്ഷേ എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. ഇപ്പോൾ അദ്ദേഹത്തിന് കത്തെഴുതുന്നത് വെറുതെയാണെന്ന് തോന്നുന്ന'തായും അവർ പറഞ്ഞു.
കൊൽക്കത്തയിലെ ഹെയർ സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി ഗവർണർ സിവി ആനന്ദ ബോസ് തന്നെ പീഡിപ്പിച്ചുവെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവതി പരാതി നൽകി. തുടർന്ന് കൊൽക്കത്ത പൊലീസ് ആസ്ഥാനമായ ലാൽബസാർ ഡിസി സെൻട്രൽ ഇന്ദിര മുഖർജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സംഭവത്തില്‍ രാജ്ഭവനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെത്തുടർന്ന് സെക്രട്ടറിയും ഡോക്‌ടറും ഉൾപ്പെടെ മൂന്ന് പേരെ കൊൽക്കത്ത പൊലീസ് തിരിച്ചറിഞ്ഞ് വിളിപ്പിച്ചു.