കൊൽക്കത്ത: പശ്ചിമബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ വിജയിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി). മറ്റ് മൂന്ന് മണ്ഡലങ്ങളിൽ ഇപ്പോഴും ലീഡ് തുടരുന്നുണ്ട്. ആർജി കർ മെഡിക്കൽ കോളജ് സംഭവത്തിൽ ശക്‌തമായ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ ലീഡ് നേടുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നേടിയ എംഎൽഎമാർ രാജിവെച്ചതിന് പിന്നാലെ ഒഴിഞ്ഞ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നൈഹാത്തി, ഹരോവ, മേദിനിപൂർ, തൽദാൻഗ്ര, സിതായ് (എസ്‌സി), മദാരിഹത്ത് (എസ്‌ടി) എന്നീ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സുപ്രധാന രാഷ്‌ട്രീയ പരീക്ഷണമായാണ് ഈ തെരഞ്ഞെടുപ്പുകളെ കാണുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പട്ടികജാതി മണ്ഡലമായ സിതായിയിൽ (എസ്‌സി) ടിഎംസിയുടെ സംഗീത റോയ് 1,30,636 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, എതിരാളിയായ ബിജെപിയുടെ ദീപക് കുമാർ റേയ്‌ക്ക് 35,348 വോട്ടുകൾ ലഭിച്ചു. 2021ൽ ബിജെപി വിജയിച്ച മദാരിഹട്ടിൽ (എസ്‌ടി) ടിഎംസിയുടെ ജയപ്രകാശ് ടോപ്പോ 79,186 വോട്ടുകൾ നേടി വിജയിച്ചു. എതിരാളിയായ ബിജെപിയുടെ രാഹുൽ ലോഹർ 51,018 വോട്ടുകളാണ് നേടിയത്.
നൈഹാട്ടിയിൽ 29,495 വോട്ടുകൾ നേടിയ ബിജെപിയുടെ രൂപക് മിത്രയെക്കാൾ 49,277 കൂടുതൽ വോട്ടുകൾ നേടിയാണ് ടിഎംസിയുടെ സനത് ദേ വിജയിച്ചത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും ടിഎംസി സ്ഥാനാർഥികൾ വ്യക്‌തമായ ലീഡ് ഉയർത്തുന്നുണ്ട്.
ഹരോവയിൽ ടിഎംസിയുടെ എസ്കെ റബീഉൽ ഇസ്ലാം 1,25,958 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നുണ്ട്. 11-ാം റൗണ്ട് വോട്ടെണ്ണലിൽ രേഖപ്പെടുത്തിയത് പ്രകാരം 22,814 വോട്ടുകൾ മാത്രം നേടിയ ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടിൻ്റെ പിയാറുൾ ഇസ്ലാമിനേക്കാൾ 1,03,144 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
മേദിനിപൂരിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുജോയ് ഹസ്ര 74,673 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു, 52,256 വോട്ടുകൾ നേടിയ ബിജെപിയുടെ ശുഭജിത് റോയിയെക്കാൾ (ബണ്ടി) 22,417 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. തൽദൻഗ്രയിൽ 34,054 വോട്ടുകൾ നേടിയ ബിജെപിയുടെ അനന്യ റോയ് ചക്രവർത്തിയെക്കാൾ 20,273 വോട്ടുകളുടെ ലീഡ് നിലനിർത്തിക്കൊണ്ട് ടിഎംസിയുടെ ഫൽഗുനി സിംഹബാബു 54,327 വോട്ടുകൾക്ക് മുന്നിലാണ്.
Also Read: 'പ്രിയങ്കയ്‌ക്ക് വയനാട്ടില്‍ ലഭിച്ചത് ദേശവിരുദ്ധ സംഘടനകളുടെ പിന്തുണ': ബിജെപി നേതാവ് ടോം വടക്കൻ