ഹൈദരാബാദ് : തെലങ്കാനയിലുടനീളം താപനില ക്രമാതീതമായി ഉയരുകയാണ്. വ്യാഴാഴ്‌ച (മാർച്ച് 4) തെലങ്കാനയിലെ 20 ഇടങ്ങളിൽ 42 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഇതിൽ 14 പ്രദേശങ്ങളിൽ താപനില 43 ഡിഗ്രി സെൽഷ്യസ് കടന്നു. നൽഗൊണ്ട ജില്ലയിലെ ഇബ്രാഹിംപേട്ടയിൽ ഏറ്റവും ഉയർന്ന താപനിലയായ 43.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2016-ന് ശേഷം ഈ വർഷമാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് ആലിപ്പഴ വർഷമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലെ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി കൂടുതലായിരിക്കും. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ചൂടിന്‍റെ തീവ്രത കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്‌ധർ വ്യക്തമാക്കി. ഈ സമയത്ത് പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങൾ : നൽഗൊണ്ട ജില്ലയിലെ ഇബ്രാഹിംപേട്ടയിൽ 43.5 ഡിഗ്രി സെൽഷ്യസ്, അതേ ജില്ലയിലെ തന്നെ കനഗലിൽ 43.4 ഡിഗ്രി, ഗഡ്‌വാല ജില്ലയിലെ വഡ്ഡേപള്ളിയിൽ 43.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. നൽഗൊണ്ട ജില്ലയിലെ മഡ്‌ഗുലപള്ളിയിൽ 43.3 ഡിഗ്രിയും, ഗഡ്‌വാല ജില്ലയിലെ ധരൂർ, കുമുരം ഭീമാബ് ജില്ലയിലെ ആസിഫാബാദ്, ബുഗ്ഗാദാവി എന്നീ സ്ഥലങ്ങളിൽ 43.2 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
നൽഗൊണ്ട ജില്ലയിലെ നമ്പള്ളി, നിഡമാനൂർ, ടിക്യാ തണ്ട, ഗഡ്‌വാൾ ജില്ലയിലെ ദ്യഗദോഡി, അദിലാബാദ് ജില്ലയിലെ ആർലി (ടി), കുമുരം ഭീം ജില്ലയിലെ വൻകുളം, കട്ടാങ്കൂർ എന്നീ സ്ഥലങ്ങളിൽ 43.0 സെൽഷ്യസും, വനപർത്തി ജില്ല പെബ്ബോളുവിൽ 42.8, 42.7 ഡിഗ്രി സെൽഷ്യസും, ഭദ്രാദ്രി കോതഗുഡെം ജില്ല പിമ്പകയിൽ 42.7 ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് രേഖപ്പെടുത്തിയത്.
ഇന്ദൽവായ് മണ്ഡലത്തിൽ സൂര്യഘാതമേറ്റ് കുട്ടി മരിച്ചു : നിസാമാബാദ് ജില്ലയിലെ ഇന്ദൽവായ് മണ്ഡലത്തിലെ ഡോങ്കൽ ഗ്രാമത്തിലെ രാമാവത്ത് അഖിൽ (4) വ്യാഴാഴ്‌ചയാണ് (മാർച്ച് 4) സൂര്യാഘാതമേറ്റ് മരിച്ചത്. രമേശിന്‍റെയും അനിതയുടെയും മകൻ അഖിൽ വ്യാഴാഴ്ച സ്‌കൂളിൽ നിന്ന് വന്നശേഷം വെയിലത്ത് കളിക്കുന്നതിനിടെയാണ് സൂര്യഘാതമേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. മാതാവ് കൃഷിപ്പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മകന് പനിയും ഛർദിയും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില വഷളായെന്നും സൂര്യാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നും ഡോക്‌ടർമാർ പറഞ്ഞു.