ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ല് സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) യുടെ പരിശോധനയ്ക്ക് വിട്ട് കേന്ദ്ര സര്‍ക്കാർ. വഖഫ് (ഭേദഗതി) ബില്ല് ഒരു മത സ്ഥാപനത്തിന്‍റെയും സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു ലോക്‌സഭയില്‍ പറഞ്ഞു. അവകാശങ്ങള്‍ ഇതുവരെ ലഭിക്കാത്തവർക്ക് അവകാശം നൽകാനാണ് ഈ ബിൽ കൊണ്ടുവന്നതെന്നും കിരണ്‍ റിജിജു പറഞ്ഞു. കോണ്‍ഗ്രസ് രൂപീകരിച്ച സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബില്ല് കൊണ്ടുവന്നതെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.
'ഈ ബില്ലിനെ എതിർക്കുന്നത് നിർത്തണം. ആരൊക്കെ എതിർത്താലും ആര് പിന്തുണച്ചാലും ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ബില്ലിനെ എതിർക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് പാവപ്പെട്ട ആളുകളെയും സ്‌ത്രീകളെയും കുട്ടികളെയും കുറിച്ച് ചിന്തിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുക.'- കിരണ്‍ റിജിജു ലോക്‌സഭയില്‍ പറഞ്ഞു.
വഖഫ് (ഭേദഗതി) ബിൽ, 2024-ന് പുറമേ 1923-ലെ മുസൽമാൻ വഖഫ് നിയമം റദ്ദാക്കുന്ന 'മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബില്ലും' കിരൺ റിജിജു സഭയില്‍ അവതരിപ്പിച്ചു. 1995-ലെ വഖഫ് ആക്‌ടിന്‍റെ പേര്, 'ഏകീകൃത വഖഫ് മാനേജ്മെന്‍റ്, ശാക്തീകരണ, കാര്യക്ഷമത, വികസന നിയമം,1995 എന്ന് വഖഫ് (ഭേദഗതി) ബില്ല് പുനർനാമകരണം ചെയ്യുന്നുണ്ട്. 'വഖഫ്' എന്നതിന് പുതിയ നിര്‍വചനവും ബില്ല് നല്‍കുന്നു. കുറഞ്ഞത് അഞ്ച് വർഷം ഇസ്‌ലാം മതം അനുഷ്‌ഠിക്കുന്ന ഏതൊരു വ്യക്തിയും വഖഫ് എന്ന് നിർവചനത്തിന് കീഴില്‍ വരും. കൂടാതെ വഖഫ്-അലാൽ-ഔലാദ്, സ്‌ത്രീകൾക്ക് അനന്തരാവകാശം നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
വഖഫ് സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള ബോർഡിന്‍റെ അധികാരവുമായി ബന്ധപ്പെട്ട 40-ാം വകുപ്പ് ഒഴിവാക്കാനും ഒരു സെൻട്രൽ പോർട്ടൽ വഴി വഖഫ് അക്കൗണ്ടുകൾ ബോർഡിന് ഫയൽ ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യാനും ബിൽ ശ്രമിക്കുന്നുണ്ട്. പാർലമെന്‍ററി കാര്യ മന്ത്രി കൂടിയായ കിരൺ റിജിജുവാണ് വഖഫ് (ഭേദഗതി) ബിൽ 2024 ലോക്‌സഭയിൽ അവതരിപ്പിച്ചത്.
അതേസമയം, ബില്ലിനെ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ശക്തമായി എതിര്‍ത്തു. ഈ നിയമം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കിയാൽ തീര്‍ച്ചയായും റദ്ദാക്കപ്പെടുമെന്ന് എന്ന് ആർഎസ്‌പി എംപി എൻ കെ പ്രേമചന്ദ്രൻ ലോക്‌സഭയിൽ പറഞ്ഞു. ബില്ലിനെ സഭയില്‍ എതിര്‍ത്ത കോൺഗ്രസ് എംപി കെസി വേണുഗോപാൽ, ബില്ല് ഫെഡറൽ സംവിധാനത്തിനെതിരെയുള്ള ആക്രമണമാണെന്ന് പ്രതികരിച്ചു.
ബില്ല് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 25 തത്വങ്ങൾ ലംഘിക്കുന്നതാണെന്ന് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി ചൂണ്ടിക്കാട്ടി. ബില്ല് പൂർണമായി പിൻവലിക്കുകയോ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയോ ചെയ്യണമെന്ന് എൻസിപി (എസ്‌സിപി) എംപി സുപ്രിയ സുലെ സർക്കാരിനോട് ആവശ്യപ്പെട്ടു.
Also Read : വഖഫ് നിയമ ഭേദഗതി ബില്ല് ലോക്‌സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ - WAQF ACT AMENDMENT BILL PROTEST