മുംബൈ : ജീവനക്കാരുടെ അഭാവവും ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധവും മൂലം ഇന്ത്യൻ കമ്പനിയായ വിസ്‌താരയുടെ കൂടുതൽ വിമാന സര്‍വീസുകള്‍ റദ്ദാക്കി. 38 വിമാനങ്ങളാണ് ഇന്ന് രാവിലെ റദ്ദാക്കിയത്. 50 വിമാനങ്ങൾ ഇന്നലെയും റദ്ദാക്കിയിരുന്നു. ഇനിയും കൂടുതൽ സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് സൂചന.
എഴുപതിലധികം വിമാനങ്ങൾ പിൻവലിച്ചേക്കാമെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുൾപ്പടെ മറ്റുപല കാരണങ്ങളാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് വിസ്‌താര.
"കഴിഞ്ഞ ദിവസങ്ങളിൽ വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തു. വിമാന ജീവനക്കാരുടെ അഭാവം മൂലമാണ് ഇത് സംഭവിച്ചത്. ഇതിന്‍റെ ഭാഗമായി തങ്ങളുടെ യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്" - കമ്പനി വക്താവ് പ്രസ്‌താവനയിൽ പറഞ്ഞു.
അതേസമയം വിമാനങ്ങൾ റദ്ദാക്കിയതിൽ ക്ഷമാപണം നടത്തിയ കമ്പനി കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. സ്ഥിതിഗതികൾ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പതിവ് ശേഷിയിലുള്ള പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. ഫ്ലൈറ്റുകളുടെ എണ്ണം താത്കാലികമായി കുറയ്ക്കാൻ തീരുമാനിച്ചതായും വിസ്‌താര വിശദീകരിച്ചു.
പുതിയ കരാറുകളിൽ ഒപ്പുവച്ചതിനെത്തുടർന്ന് A320 ഫ്ലീറ്റിലെ ആദ്യ ഓഫിസർമാരുടെ പ്രതിമാസ ശമ്പളം പരിഷ്‌കരിച്ചതുമുതൽ വിസ്‌താരയില്‍ പൈലറ്റുമാർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നാണ് വിവരം.