ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അനുശോചനം രേഖപ്പെടുത്തി ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. അച്യുതപുരത്തുള്ള അനകപ്പള്ളിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലുള്ള മരുന്ന് കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പതിനേഴ് പേര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി ഉപരാഷ്‌ട്രപതി എക്‌സില്‍ കുറിച്ചു. പരിക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
Deeply pained by the loss of lives due to mishap at a factory in Anakapalle, Andhra Pradesh. I extend my heartfelt condolences to the bereaved families, and pray for the speedy recovery of the injured.
— Vice-President of India (@VPIndia) August 22, 2024
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അടിയന്തരമായി അവര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളണം എന്നും അദ്ദേഹം പറഞ്ഞു.
Deeply anguished by the terrible fire tragedy in a pharmaceutical factory in Anakapalle district of Andhra Pradesh where several people have lost their lives.
— Mallikarjun Kharge (@kharge) August 22, 2024
Our heartfelt condolences to the grieving families. The government must provide them with immediate and adequate…
200ഓളം തൊഴിലാളികള്‍ ജോലി ചെയ്‌ത് കൊണ്ടിരിക്കുന്ന വേളയിലാണ് ഇവിടെ പൊട്ടിത്തെറി ഉണ്ടായത്. 500 കിലോ ലിറ്റര്‍ ശേഷിയുള്ള റിയാക്‌ടര്‍ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അനകപ്പള്ളി എസ് പി എം ദീപിക അറിയിച്ചു. എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുവെന്നും അവര്‍ അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അദ്ദേഹം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് എക്‌സില്‍ കുറിച്ചു.
തീപിടിത്തത്തിൽ മരിച്ചവരെക്കാൾ കൂടുതൽ തൊഴിലാളികൾ തകർന്ന മേൽക്കൂരയുടെ അടിയിൽ കുടുങ്ങി. കത്തിക്കരിഞ്ഞ ചില തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. ബാക്കി തൊഴിലാളികളുടെ മൃതദേഹങ്ങൾ മേൽക്കൂരയുടെ അവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട നിലയിലായിരുന്നു. എൻഡിആർഎഫ് ഉദ്യോഗസ്ഥർ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുകയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്‌തു.
അനകപ്പള്ളി കലക്‌ടർ വിജയകൃഷ്‌ണൻ, എസ്‌പി ദീപിക പാട്ടീൽ, ടിഡിപി എലമഞ്ചിലി മണ്ഡലം ഇൻചാർജ് പ്രഗദ നാഗേശ്വര റാവു എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കലക്‌ടർ സംസാരിച്ചു. പരിക്കേറ്റവരെ ആംബുലൻസുകളിൽ അച്യുതപുരം, അനകപ്പള്ളി, വിശാഖപട്ടണം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് എ ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് ബി ഷിഫ്റ്റിലെ ജീവനക്കാർ ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.