മൊറാദാബാദ് (യുപി) : ഗോഹത്യയുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ജില്ലാ തലവന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ. പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്‌ടിക്കാനും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ട് പശുവിനെ കശാപ്പു ചെയാന്‍ പണം നൽകിയെന്നാരോപിച്ച് വിഎച്ച്പി മൊറാദാബാദ് തലവനെയും മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
പ്രതിയായ മോനു വിഷ്‌ണോയ് ഛജ്‌ലെറ്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഛത്രപൂർ പ്രദേശത്ത് മൃഗത്തിന്‍റെ അവശിഷ്‌ടങ്ങൾ വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് സംഘർഷമുണ്ടാക്കാനും ഛജ്‌ലെറ്റ് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസറെ ലക്ഷ്യമിട്ടാണ് സംഭവങ്ങൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതെന്നും സീനിയർ പൊലീസ് സൂപ്രണ്ട് ഹേംരാജ് മീണ പറഞ്ഞു.
ജനുവരി 16 ന് കന്നുകാലികളുടെ അവശിഷ്‌ടങ്ങൾ കണ്ടെടുത്തിയതിന് ശേഷമാണ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. ഗോഹത്യയുമായി ബന്ധപ്പെട്ട് ഷാബുദ്ദീനെ ആദ്യം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ, പശുവിനെ കൊന്ന് ശവം ഉപേക്ഷിക്കുന്നതിന് മോനു വിഷ്‌ണോയി പണം നൽകിയതാണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവർക്കും പുറമെ വിഷ്‌ണോയിയുടെ സഹായികളായ രമൺ ചൗധരി, രാജീവ് ചൗധരി എന്നിവരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തു.
'മോനു വിഷ്‌ണോയി പ്രദേശത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ഇത്തരത്തിലൊരു ക്രൂര നടപടി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ഇയാള്‍ക്ക് എസ്എച്ച്ഒയുമായി തർക്കവും നിലനില്‍ക്കുന്നുണ്ടായിരുന്നു. പ്രദേശത്ത് സംഘർഷമുണ്ടാക്കി പോലീസിന്‍റെ പ്രശസ്‌തിക്ക് ഹാനി വരുത്തിയാല്‍ അത് ചില വകുപ്പുതല നടപടികളിലേക്ക് നയിക്കുമെന്ന് വിശ്വസിച്ചതിനാലാണ് കുറ്റകൃത്യം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതെന്നും പൊലീസ് പറഞ്ഞു.