ജലവാർ : രാജസ്ഥാനിലെ ജലവാറിൽ വാനും ട്രോളിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് മരണം. ജലവാർ ജില്ലയിലെ അക്ലേര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്‌ച പുലർച്ചെയാണ് അപകടം നടന്നത്. വിവാഹസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വിവാഹസംഘം സഞ്ചരിച്ച വാനിൽ അമിത വേഗതയിലെത്തിയ ട്രോളി ഇടിക്കുകയായിരുന്നു. പാച്ചോലയ്‌ക്ക് സമീപത്ത് വച്ചാണ് ട്രോളി ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയും വാനിൽ ഇടിക്കുകയും ചെയ്‌തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബന്ധുവിൻ്റെ വിവാഹ ചടങ്ങിനായി മധ്യപ്രദേശിൽ എത്തിയ ദുംഗർ ഗ്രാമത്തിലെ ആളുകളാണ് അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശിൽ നിന്ന് തിരികെ വാനിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്‌ചയാണ് ഇവർ മധ്യപ്രദേശിലേക്ക് പോയതെന്ന് അക്ലേര പൊലീസ് സ്റ്റേഷൻ ഇൻചാർജ് സന്ദീപ് ബിഷ്‌ണോയ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ അക്ലേറയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അപകടത്തെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. നേരത്തെ, ഗംഗാധർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് പേർ റോഡപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.