ഉത്തരകാശി: ഉത്തരാഖണ്ഡിലെ സഹസ്ത്ര താൽ ആൽപൈൻ തടാകത്തിലേക്ക് ട്രെക്കിങ്ങിന് പോകവെ മോശം കാലാവസ്ഥയെ തുടർന്ന് കുടുങ്ങിപ്പോയവരിൽ 9 പേർ മരണപ്പെട്ടു. മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 22 പേരുള്ള സംഘത്തിലെ 10 പേരെ വ്യോമമാർഗം രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു.
ട്രെക്കിങ് ഏജൻസിയാണ് 9 പേർ മരിച്ചതായി അറിയിച്ചത്. അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ വ്യോമസേന രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഉത്തരകാശിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള സഹസ്ത്ര താലിലേക്ക് മെയ് 29 നാണ് 22 അംഗ ട്രെക്കിങ് ടീം പോയത്. മനേരിയിലുള്ള ഒരു ഏജൻസിയുടെ കീഴിലാണ് ഇവർ യാത്ര തിരിച്ചത്. മൂന്ന് പ്രാദേശിക ഗൈഡുകൾക്ക് പുറമെ കർണാടകയിൽ നിന്നുള്ള 18 ട്രെക്കർമാരും മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നുവെന്ന് ഉത്തരകാശി ജില്ല മജിസ്‌ട്രേറ്റ് മെഹർബൻ സിങ് ബിഷ്‌ത് പറഞ്ഞു.
സംഘം ജൂൺ 7-ന് മടങ്ങേണ്ടതായിരുന്നു. എന്നാൽ ബേസ് ക്യാമ്പിൽ നിന്ന് സഹസ്ത്രാ താലിന് സമീപമെത്തിയപ്പോഴേക്കും മോശം കാലാവസ്ഥയെ തുടർന്ന് വഴി തെറ്റുകയായിരുന്നു. കാണാതായവരെ കണ്ടെത്താനും മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായും ഇന്ത്യൻ എയർഫോഴ്‌സിനോട് അഭ്യർഥിച്ചതായി ജില്ല മജിസ്‌ട്രേറ്റ് പറഞ്ഞു. ഇന്ന്(ജൂൺ 5) പുലർച്ചെയാണ് വ്യോമസേന രക്ഷാപ്രവർത്തനം ആരംഭിച്ചത്.
വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ദുരന്തനിവാരണ സേനയും വനം വകുപ്പും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Also Read: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിൽ അകപ്പെട്ടു; തൊഴിലാളിയ്‌ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്