ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. തെരഞ്ഞടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കളുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലാണ് യോഗമെന്നാണ് വിവരം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പിനെ പറ്റിയും ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലെ 13 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനെ പറ്റിയുമുള്ള ചര്‍ച്ചകളാകും യോഗത്തിൽ നടക്കുക എന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലെജിസ്ലേറ്റീവ് കൗൺസിലിലെ 13 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 21 ന് ആകും നടക്കുക.
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 62 സീറ്റുകളില്‍ വിജയിച്ച ബിജെപി ഇത്തവണ 70 കടക്കുക എന്ന ലക്ഷ്യത്തോടെയാണ് യുപിയില്‍ പ്രവര്‍ത്തിക്കുന്നത്. യുപിയിലെ 80 ലോക്‌സഭ സീറ്റുകളിൽ നിന്നും ബിജെപി സ്ഥാനാർഥികളെ ലോക്‌സഭയിലേക്ക് അയക്കാൻ ഉത്തർപ്രദേശിലെ ജനങ്ങൾ ഇതിനോടകം തന്നെ തീരുമാനിച്ച് കഴിഞ്ഞു എന്ന് വെള്ളിയാഴ്‌ച വാരണാസിയിൽ ഒരു മെഗാ റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. എൻഡിഎ സഖ്യത്തിനെ 400-ന് മുകളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വാരണാസിയിലെ കരാഖിയോണിൽ പറഞ്ഞ മോദി, ഇന്ത്യ സഖ്യം അഴിമതിക്കാരാണെന്നും ആരോപിച്ചു.
"ഇത്തവണ, മോദി നിങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളുടെയും ഗ്യാരന്‍റി നൽകുന്നു. 80 സീറ്റുകളും മോദിക്ക് നൽകാൻ യുപി തീരുമാനിച്ചെന്ന് എനിക്ക് പൂർണ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. അതിനർഥം യുപിയിലെ 100 ശതമാനം സീറ്റുകളും എൻഡിഎയ്‌ക്കൊപ്പമായിരിക്കും"-മോദി പറഞ്ഞു.