റായ്‌പൂർ: അഴിമതികളുടെയും തീവ്രവാദത്തിൻ്റെയും നക്‌സലിസത്തിൻ്റെയും പര്യായമാണ് കോൺഗ്രസെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാംലല്ല വിഗ്രഹത്തെ പ്രതിഷ്‌ഠിക്കാനുള്ള അയോധ്യയുടെ നിണ്ട 500 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ഛത്തീസ്‌ഗഡിലെ കബീർധാം ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ മുന്നോട്ടു നയിക്കേണ്ട യുവാക്കളുടെ കൈകളിൽ നല്ല പുസ്‌തകങ്ങൾക്ക് പകരം കോൺഗ്രസ് നൽകിയത് പിസ്‌റ്റളുകൾ ആണ്. തീവ്രവാദത്തിൻ്റെയും നക്‌സലിസത്തിൻ്റെയും പേരിൽ രാജ്യത്തിനെതിരെ തിരിയാനാണ് കോൺഗ്രസ് യുവാക്കളെ പ്രേരിപ്പിച്ചതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, കഴിഞ്ഞ 10 വർഷങ്ങളായി രാജ്യം മാറ്റത്തിന്‍റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യയെ മാറ്റണമെന്നും വികസിത രാജ്യമാക്കണമെന്നും മോദി പറഞ്ഞിരുന്നു. ഓരോ പൗരനും സുരക്ഷിതമാകും വിധം ഒരു സ്വാശ്രയ ഇന്ത്യയെ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനും, അവരുടെ വിശ്വാസത്തെ ബഹുമാനിക്കാനും ബിജെപിക്ക് മാത്രമേ കഴിയുവെന്നും മോദി പറഞ്ഞതായി യോഗി ആദിത്യനാഥ് പറഞ്ഞു. ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനും, അയോധ്യയിൽ രാമക്ഷേത്രം പണിയാനും നക്‌സലിസത്തെ ചെറുക്കാനും, ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനും കോൺഗ്രസിന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
പ്രശ്‌നത്തിൻ്റെ പര്യായമാണ് കോൺഗ്രസെന്നും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനേ കോൺഗ്രസിന് അറിയൂ എന്നും അദ്ദേഹം ആക്ഷേപിച്ചു. അതേസമയം പ്രശ്‌നങ്ങൾക്ക് പരിഹാരവുമായെത്തുന്നത് ബിജെപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനേകം അഴിമതിക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോപിക്കപ്പെടുന്ന മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്‌നന്ദ്ഗാവ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്തോഷ് പാണ്ഡെയ്ക്ക് വോട്ട് ചെയ്യണമെന്നും ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Also Read: ബിജാപൂരിൽ ഏറ്റുമുട്ടല്‍; ഒരു നക്‌സലിനെ വധിച്ച് സുരക്ഷാസേന