ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച (ഓഗസ്‌റ്റ് 18) പങ്കെടുത്ത പൊതുപരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 'ഡബിൾ എഞ്ചിൻ' സർക്കാർ രാജ്യത്ത് ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.'സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് ഏറ്റവും മികച്ച പ്രവർത്തനമാണ് നമ്മുടെ ഡബിൾ എഞ്ചിൻ ഗവൺമെന്‍റ് നടത്തുന്നതെന്ന് ജനങ്ങൾക്ക് അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ മറ്റേതെങ്കിലും നേതാവുണ്ടോയെന്നും യോഗി ആദിത്യനാഥിനെപ്പോലെ മറ്റൊരു മുഖ്യമന്ത്രിയുണ്ടോയെന്നും കേശവപ്രസാദ് ചോദിച്ചു.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവാണെന്നും മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും മികച്ച നേതാവാണെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ഭിന്നാഭിപ്രായമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കേശവപ്രസാദ് മൗര്യയുടെ ഈ പ്രസ്‌താവന.
'സംഘടന സർക്കാരിനേക്കാൾ വലുതാണ്, തൊഴിലാളികളുടെ വേദന എന്‍റെ വേദനയാണ്, സംഘടനയേക്കാൾ വലുതായി ആരുമില്ല, തൊഴിലാളികളാണ് നമ്മുടെ അഭിമാനം' എന്ന് ജൂലൈയിൽ കേശവപ്രസാദ് മൗര്യയെ എക്‌സിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ഡൽഹിയിൽ ബിജെപി പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയതിനെ തുടർന്നാണ് പോസ്‌റ്റ്. ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ ഭൂപേന്ദർ ചൗധരിയുമായും നദ്ദ പ്രത്യേക കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കേശവ് പ്രസാദ് മൗര്യ ഇപ്പോൾ രണ്ടാം തവണയാണ് സംസ്ഥാനത്തിന്‍റെ ഉപമുഖ്യമന്ത്രിയായിട്ടുള്ളത്. 2017ൽ നിയമസഭയിൽ 312 സീറ്റുകളോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കീഴിൽ ബിജെപി ഭൂരിപക്ഷ സർക്കാർ രൂപീകരിച്ചപ്പോൾ അദ്ദേഹം സംസ്ഥാന ബിജെപി അധ്യക്ഷനായിരുന്നു. 2022ലെ തെരഞ്ഞെടുപ്പിൽ കേശവ് പ്രസാദ് മൗര്യ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ബ്രിജേഷ് പതക്കിനൊപ്പം ഉപമുഖ്യമന്ത്രിയായി തുടർന്നു. പിന്നീട് കേശവ് പ്രസാദ് മൗര്യ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.