ന്യൂഡൽഹി : കിസാൻ പദ്ധതിയുടെ കീഴിൽ 1.8 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ എത്തിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. ഫസൽ ഭീമ യോജന നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി. കൃഷിക്കാവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകി. ഇതുവഴി രാജ്യത്തെ കാർഷിക മേഖലയിലെ ഉത്‌പാദനത്തിൽ വർധനവുണ്ടായതായും മന്ത്രി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ 92-ാം ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. പത്ത് വർഷമായി ഇന്ത്യൻ സാമ്പത്തിക രംഗം വളർച്ചയിലെന്ന് ബജറ്റ് പ്രസംഗത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞ നിർമല സീതാരാമൻ മോദിയുടെ ഭരണത്തില്‍ രാജ്യം കുതിക്കുന്നുവെന്ന് അവകാശപ്പെട്ടു. രാജ്യം വെല്ലുവിളികൾ അതിജീവിച്ചതായും ജനങ്ങൾ ഭരണത്തുടർച്ച നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.