ന്യൂഡല്‍ഹി : ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി വളര്‍ന്നെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നത് തുടരും. മെട്രോയുടെ വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കും.
വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇവയുടെ നിര്‍മ്മാണം വര്‍ധിപ്പിക്കും. ചാര്‍ജിംഗിന് കൂടുതല്‍ സ്റ്റേഷനുകള്‍ ഒരുക്കും. പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി.
വന്ദേഭാരത് മാതൃകയില്‍ ട്രെയിനുകളില്‍ കൂടുതല്‍ ബോഗികള്‍ ഉള്‍പ്പെടുത്തും. വിനോദസഞ്ചാര വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല വായ്‌പകള്‍ നല്‍കും. ഇതിലൂടെ കൂടുതല്‍ തൊഴിലും വിദേശനിക്ഷേപവും ഉറപ്പാക്കും. വിദേശരാജ്യങ്ങളുമായി കൂടുതല്‍ നിക്ഷേപത്തിന് ചര്‍ച്ചകള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അടുത്ത അഞ്ചുവര്‍ഷം രാജ്യത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകുമെന്ന വാഗ്‌ദാനവും മന്ത്രി നടത്തി. ചെറുകിട വ്യവസായങ്ങള്‍ക്ക് അമൃത് കാലത്തില്‍ പ്രത്യേക പരിഗണന നല്‍കും. ഒരുകോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ വൈദ്യുതി ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. 2047ഓടെ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കും. വിനോദ സഞ്ചാര വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് അന്‍പത് വര്‍ഷത്തേക്ക് 75,000 കോടി രൂപയുടെ വായ്‌പ അനുവദിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 596 ബില്യണ്‍ ഡോളറിന്‍റെ വിദേശനിക്ഷേപം വന്നതായും മന്ത്രി അറിയിച്ചു.
ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് ഇടനാഴിയിലൂടെ വലിയ വികസന സാധ്യതകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. GIFT ലൂടെ കൂടുതല്‍ വിദേശനിക്ഷേപം എത്തിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
എല്ലാവരുടെയും വരുമാനത്തില്‍ അന്‍പത് ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സമ്പദ്ഘടന മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ധനമന്ത്രി അവകാശപ്പെട്ടു. കൂടുതല്‍ സമഗ്രമായ ഭരണവും വികസനവും പ്രകടനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 25 കോടി ജനങ്ങള്‍ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു. പാവങ്ങളെ ശാക്തീകരിക്കലാണ് സര്‍ക്കാരിന്‍റെ പ്രാഥമിക ലക്ഷ്യം.
രാജ്യത്തെ സമഗ്ര സമൃദ്ധിയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിനായി ഇരട്ടി ഉത്തരവാദിത്തത്തോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നും നിര്‍മ്മല അവകാശപ്പെട്ടു.