ബെംഗളൂരു (കർണാടക) : ഭരണഘടന വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാവും എംപിയുമായ അനന്ത്കുമാർ ഹെഗ്‌ഡെയെ തെരഞ്ഞെടുപ്പിൽ നിന്ന് സ്ഥിരമായി അയോഗ്യനാക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റ് ലഭിച്ചാൽ ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്തുമെന്നാണ് (Constitution will change) അനന്ത്കുമാർ ഹെഗ്‌ഡെ പറഞ്ഞത്. ഹാവേരി ജില്ലയിലെ സിദ്ദാപുരയ്‌ക്കടുത്ത് ഹലഗേരിയിലെ ഒരു പൊതുയോഗത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
എന്നാൽ ഇത്തരത്തിലൊരു കാര്യം പറഞ്ഞ എം പിയെ സ്ഥിരമായി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയാത്ത രീതിയിൽ അയോഗ്യനാക്കണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്. അനന്ത്കുമാർ ഹെഗ്‌ഡെയുടെ പരാമർശത്തോട് പ്രധാനമന്ത്രി യോജിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പിരിച്ച് വിടാൻ തയ്യറാകട്ടെ, അല്ലാത്ത പക്ഷം ഈ പരാമർശത്തോട് പ്രധാന മന്ത്രിയും യോജിക്കുന്നുണ്ട് എന്നാണ് അർത്ഥം എന്ന് കർണാടക മുഖ്യമന്ത്രി ആരോപിച്ചു.
അനന്ത്കുമാർ ഹെഗ്‌ഡെയെ പോലെ ഒരു പാർട്ടി പ്രവർത്തകനും, എം പിയുമായ ഒരാൾക്ക് പാർട്ടിയുടെ ശക്തമായ പിന്തുണയില്ലാതെ ഇത്തരത്തിലൊരു ഭരണഘടന വിരുദ്ധ പ്രസ്‌താവനകൾ നടത്താൻ ഒരിക്കലും കഴിയില്ല. ഭരണഘടനയ്‌ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു എം പി അതേ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന് പറഞ്ഞ് പ്രസ്‌താവന നടത്തുന്നത് തീർച്ചയായും ശിക്ഷാർഹമായ കുറ്റമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു .
അനന്ത്കുമാർ ഹെഗ്‌ഡെയുടെ പ്രവർത്തി ലോക്‌സഭ സ്‌പീക്കർ ശ്രദ്ധയിൽപെടുത്തണമെന്നും ഹെഗ്‌ഡെക്കെതിരെ കർശന നടപടി സ്വീകരിച്ച് ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ സ്ഥിരമായി അയോഗ്യനാക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അഭ്യർത്ഥിച്ചു.