ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഡല്‍ഹിയിലെ ഒരു കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ഖാലിദിന് ജാമ്യം നല്‍കിയിരിക്കുന്നത്.
2020ലെ വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ മാസം 28 മുതല്‍ ജനുവരി മൂന്ന് വരെയാണ് ഖാലിദിന് ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലുണ്ടായ കലാപത്തിലാണ് ജെഎൻയു മുൻ വിദ്യാര്‍ഥി ഉമര്‍ഖാലിദിനും രണ്ട് ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥികൾക്കുമെതിരെ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നവരും അതിനെ എതിർക്കുന്നവരും തമ്മില്‍ വടക്ക് കിഴക്കൻ ഡല്‍ഹിയിലുണ്ടായ വ്യാപക അക്രമങ്ങളില്‍ 53 പേർ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ജാമിയ ഏകോപന സമിതിയുടെ മീഡിയ കോർഡിനേറ്ററായ സഫൂറ സർഗാർ, അതിലെ അംഗമായ മീരൻ ഹൈദർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മൂവര്‍ക്കുമെതിരെ കൊലപാതകം, കൊലപാതകശ്രമം, രാജ്യദ്രോഹക്കുറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഒമ്പത് പേരുടെ പേരുകൾ കൂടി എഫ്.ഐ.ആറിലുണ്ടെന്ന് മീരാൻ ഹൈദറിന്‍റെ അഭിഭാഷകൻ അക്രം ഖാൻ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് ഡല്‍ഹി പൊലീസിന്‍റെ സ്‌പെഷ്യല്‍ സെല്ലാണ് അന്വേഷിക്കുന്നത്. വടക്ക്-കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് 750ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. 250 ലധികം കുറ്റപത്രങ്ങളും സമര്‍പ്പിച്ചു.
Also Read: ഡൽഹി കലാപം: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യം ശക്തം - ഉമർ ഖാലിദ്