ന്യൂഡൽഹി: 2024 ജൂണിലെ യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റിന് (UGC NET) നാഷണൽ ടെസ്‌റ്റിങ് ഏജൻസി (NTA) ഉടൻ അപേക്ഷ ക്ഷണിക്കുമെന്ന് യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ അറിയിച്ചു.
യുജിസി-നെറ്റ് ജൂൺ 2024 സെഷനിലേക്കുള്ള അപേക്ഷാ പ്രക്രിയയും വിവരങ്ങളും ഇന്ന് രാത്രിയോ നാളെയോ എൻടിഎ പ്രസിദ്ധീകരിക്കുമെന്ന് യുജിസി ചെയര്‍മാന്‍ എക്‌സിലൂടെ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക യുജിസി നെറ്റ് വെബ്‌സൈറ്റായ ugcnet.nta.ac.in-ൽ അപേക്ഷിക്കാം.
നാല് വർഷത്തെ ബാച്ചിലേഴ്‌സ് ഡിഗ്രി പ്രോഗ്രാമിന് പഠിക്കുന്നവർക്കും അവസാന സെമസ്‌റ്ററിലോ വർഷത്തിലോ ഉള്ളവർക്കും യുജിസി-നെറ്റിന് അപേക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
"നാലുവർഷ ബാച്ചിലേഴ്‌സ് ഡിഗ്രി പ്രോഗ്രാമുള്ള ഉദ്യോഗാർത്ഥികൾക്ക് അവർ പിഎച്ച്.ഡി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിഷയത്തിൽ, ബിരുദത്തിന്‍റെ വിഷയം പരിഗണിക്കാതെ ഹാജരാകാൻ അനുവാദമുണ്ട്.'- ചെയര്‍മാന്‍ എക്‌സില്‍ കുറിച്ചു.
കമ്പ്യൂട്ടർ ബേസ്ഡ് ടെസ്‌റ്റ് (സിബിടി) മോഡിൽ മൾട്ടി ഷിഫ്റ്റിലാണ് പരീക്ഷ നടത്തുന്നത്. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. രണ്ട് പേപ്പറുകളിലും ഒബ്‌ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ എന്നിവ അടങ്ങിയിരിക്കും. 150 ചോദ്യങ്ങൾ അടങ്ങുന്ന പേപ്പറുകള്‍ക്ക് മൂന്ന് മണിക്കൂറാണ് വിദ്യാർഥികൾക്ക് ലഭിക്കുക.
Also Read : അധ്യാപനമാണോ ആഗ്രഹം ? ; 4 വർഷ ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിനെ കുറിച്ചറിയാം - Integrated B Ed Programme